എം.ഡി.എം.എ പിടികൂടിയ സംഭവം: അന്വേഷണം ഗോവയിലേക്കും
text_fieldsഒന്നാം പ്രതി പ്രണവ് പൈലി താമസിച്ചിരുന്ന ഫാം ഹൗസിൽനിന്ന് കണ്ടെത്തിയ കഞ്ചാവ് ചെടി
ആലുവ: എം.ഡി.എം.എ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ എക്സൈസ് അന്വേഷണം ഗോവയിലേക്കും വ്യാപിപ്പിക്കുന്നു. സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വിൽപന നടത്താനാണ് കേരളത്തിന് പുറത്തുനിന്ന് മയക്കുമരുന്ന് കൊണ്ടുവന്നത്. ഉറവിടം കണ്ടെത്താനാണ് അന്വേഷണം.
മാരക മയക്കുമരുന്ന് ഇനത്തിൽപെട്ട എം.ഡി.എം.എയുമായി കോട്ടയം മുണ്ടക്കയം കൊല്ലംപറമ്പിൽ പ്രണവ് പൈലി (23), ഭാര്യ പാലക്കാട് കഞ്ചിക്കോട് ഐ.ടി.ഐ ഹിൽവ്യൂ നഗറിൽ കസ്തൂരി മണി (27), ഇടുക്കി നെടുങ്കണ്ടം ആശാരിക്കണ്ടം കൊച്ചുകരോട്ട് വീട്ടിൽ മാർവിൻ ജോസഫ് (23) എന്നിവരാണ് പിടിയിലായത്. ഗോവ, ബംഗളൂരു എന്നിവിടങ്ങളിൽനിന്നാണ് ലഹരിമരുന്ന് എത്തിച്ചിരുന്നത്. ഗോവയിൽനിന്നുള്ള ഒറ്റുകാരാണ് സംഘത്തെ കുടുക്കിയതെന്ന് അറിയുന്നു.
അതിനിടെ, പ്രതികളുടെ താമസ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ ലഹരി വസ്തുക്കൾ കണ്ടെടുത്തു. പ്രണവ് പൈലി താമസിച്ചിരുന്ന ഫാം ഹൗസിൽനിന്ന് കഞ്ചാവ് ചെടികളും മയക്കുമരുന്നും രണ്ടാം പ്രതിയും സർക്കാർ ഉദ്യോഗസ്ഥനുമായ മാർവിൻ ജോസഫ് താമസിച്ചിരുന്ന തൃശൂർ പാലസ് റോഡിലെ പുലിക്കോട്ടിൽ ലോഡ്ജിൽനിന്ന് കഞ്ചാവും പാക്കിങ് സാമഗ്രികളുമാണ് കണ്ടെടുത്തത്. പ്രതികളുമായി ബന്ധപ്പെട്ടവരുടെ ഫോൺവിവരങ്ങളും അന്വേഷിക്കുന്നുണ്ട്.