ചെങ്ങമനാട്: മക്കള്‍ സംരക്ഷിക്കാന്‍ മടിച്ച വയോമാതാവിന് ശമ്പളത്തില്‍നിന്ന് വിഹിതം നല്കി എസ്.ഐ മാതൃകയായി. രണ്ട് ആണ്മക്കള് അടക്കം അഞ്ച് മക്കളുള്ള പാറക്കടവ് പറമ്പുശ്ശേരി മുണ്ടംകുളം വീട്ടില്‍ പേങ്ങെൻറ ഭാര്യ കുറുമ്പക്ക് (85) ചെങ്ങമനാട് എസ്.ഐ ബെന്നിയാണ് ശമ്പളത്തില്‍നിന്ന് പ്രതിമാസം 2000 വീതം നല്കാന് തയാറായത്.
ഇളയമകെൻറ വീടിനോട് ചേര്‍ന്ന കൂരയിലാണ് കുറുമ്പ ഒറ്റക്ക് കഴിഞ്ഞിരുന്നത്. അമ്മയുടെ ദയനീയാവസ്ഥ കാണുകയും ആണ്മക്കള് സംരക്ഷിക്കാതെ വരുകയും ചെയ്തതോടെ പെണ്മക്കള് ചെങ്ങമനാട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. എസ്.ഐ അഞ്ച് മക്കളെയും സ്റ്റേഷനില്‍ വിളിപ്പിച്ചു. മക്കള്‍ ആരെങ്കിലുമോ എല്ലാവരും ചേര്‍ന്നോ അമ്മയുടെ സംരക്ഷണം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് പറഞ്ഞ് എല്ലാവരും ഒഴിഞ്ഞുമാറി. പല പരിഹാരമാര്‍ഗങ്ങള്‍ എസ്.ഐ നിർദേശിച്ചെങ്കിലും അതൊന്നും അവര്‍ അംഗീകരിച്ചില്ല.
ഒടുവില്‍ ഇളയമകന് രവി അമ്മയെ സംരക്ഷിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചു. പേക്ഷ, അമ്മയുടെ ജീവിതച്ചെലവിനായി മറ്റ് മക്കള്‍ ഓരോരുത്തരും പ്രതിമാസം 500 രൂപ വീതം നല്‍കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, അതിനും മറ്റ് നാല് മക്കളും തയാറായില്ല. അതോടെയാണ് എസ്.ഐ ബെന്നി ആറുമാസത്തേക്ക് കുറുമ്പയെ സംരക്ഷിക്കാന്‍ തയാറായത്. ഓരോ മാസത്തേക്കും 2000 രൂപയുടെ ആറ് ചെക്ക് ഒപ്പിട്ട് കുറുമ്പക്ക് കൈമാറി. അതോടെ ഇളയ മകന് അമ്മയുടെ സംരക്ഷണ ചുമതല ഏറ്റെടുത്തു. ഒരു കുറവും വരുത്തില്ലെന്ന് ഉറപ്പുനല്‍കിയാണ് കുറുമ്പയെയും കൂട്ടി സ്റ്റേഷനില്‍നിന്ന് മടങ്ങിയത്.