സ്ഥാനാർഥിക്ക് കോവിഡ്; വോട്ട് ചോദിച്ച് എം.എൽ.എ
text_fieldsഅൻവർ സാദത്ത് എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ. അബ്ദുൽ മുത്തലിബ് എന്നിവർ നഗരസഭ 18ാം വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി എം.ഒ. ജോണിനുവേണ്ടി വോട്ട് അഭ്യർഥിക്കുന്നു
ആലുവ: സ്ഥാനാർഥിക്ക് കോവിഡ് ബാധിച്ചതിനെത്തുടർന്ന് തെരഞ്ഞെടുപ്പ് പ്രചാരണം ഏറ്റെടുത്ത് എം.എൽ.എയും പാർട്ടി നേതാക്കളും. നഗരസഭ 18ാം വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി എം.ഒ. ജോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പാർട്ടിയുടെ ചെയർമാൻ സ്ഥാനാർഥി കൂടിയാണിദ്ദേഹം. അൻവർ സാദത്ത് എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ. അബ്ദുൽ മുത്തലിബ് എന്നിവരുടെ നേതൃത്വത്തിലാണ് ഇപ്പോൾ പ്രചാരണം.
ജോണിന് കോവിഡ് സ്ഥിരീകരിച്ചതോടെ കോൺഗ്രസ് സ്ഥാനാർഥികളും നേതാക്കളും ആശങ്കയിലായിരുന്നു. സ്ഥാനാർഥി നിർണയത്തിൽ ഉൾപ്പെടെ മുഖ്യപങ്ക് വഹിച്ച നേതാവിെൻറ അസാന്നിധ്യം ഇവരെ ആശങ്കയിലാക്കിയിരുന്നു. പ്രചാരണം ആരംഭിക്കാൻ ജോണിന് കഴിഞ്ഞിരുന്നില്ല.
പ്രവർത്തകർ സമൂഹ മാധ്യമങ്ങളിൽ വോട്ട് അഭ്യർഥന ശക്തമായി നടത്തുന്നുണ്ട്. എങ്കിലും സ്ഥാനാർഥിക്ക് വോട്ടർമാരെ നേരിൽ കാണാൻ കഴിയാതിരുന്നതുമൂലമുള്ള പോരായ്മ പരിഹരിക്കാനാണ് എം.എൽ.എ അടക്കമുള്ളവർ പ്രചാരണത്തിനിറങ്ങിയത്. ഇതിനുപുറമെ വോട്ടർമാരെ ഫോണിൽ ബന്ധപ്പെട്ട് സ്ഥാനാർഥി വോട്ട് അഭ്യർഥിക്കുന്നുണ്ട്.