ബൈപാസ് കവലയിലെ നിയന്ത്രണങ്ങൾ ദുരിതം
text_fieldsആലുവ: ബൈപാസ് കവലയിൽ പൊലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ യാത്രക്കാർക്ക് ദുരിതമാകുന്നു. നഗരത്തെ നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കിയിട്ട് ഒരാഴ്ചയിലധികമായിട്ടും ദേശീയ പാതയിൽനിന്ന് നഗരത്തിലേക്ക് പ്രവേശിക്കുന്നിടത്താണ് നിയന്ത്രണങ്ങൾ തുടരുന്നത്. നഗരസഭയിലെ ട്രഷറി 15ാം വാർഡും തൃക്കുന്നത്ത് 19 ാം വാർഡും മാത്രമാണ് നിലവിൽ കെണ്ടയ്ൻമെൻറ് സോണിെൻറ പരിധിയിലുള്ളത്. മറ്റ് വാർഡുകളെല്ലാം ഒരാഴ്ചയിലേറെയായി സാധാരണ നിലയിലാണ്.
എന്നാൽ, കളമശ്ശേരി ഭാഗത്തുനിന്ന് ആലുവ നഗരത്തിലേക്ക് വരുന്നവർക്ക് ഏറെ ദുരിതം അനുഭവിക്കേണ്ട സാഹചര്യമാണുള്ളത്. പുളിഞ്ചോട്, ബൈപാസ് ഭാഗങ്ങളിൽ നിന്ന് നഗരത്തിലേക്ക് തിരിയുന്ന ഭാഗത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ കെട്ടിയ പ്ലാസ്റ്റിക് വള്ളികൾ ഇപ്പോഴും നീക്കിയിട്ടില്ല.
ഇതുമൂലം കളമശ്ശേരി ഭാഗത്തുനിന്നും വരുന്ന ഇരുചക്ര വാഹനം ഉൾപ്പെടെയുള്ളവ മാർത്താണ്ഡ വർമ പാലവും കടന്ന് തോട്ടക്കാട്ടുകര സിഗ്നലിൽ യു ടേൺ ചെയ്ത് ബൈപാസ് വഴി വേണം നഗരത്തിലെത്താൻ. മാത്രമല്ല, ബൈപാസിൽ പോലും നേരായ വഴിയിലൂടെ നഗരത്തിലേക്ക് ഇറങ്ങാൻ കഴിയില്ല. ഇതുമൂലം അത്യാവശ്യ സമയങ്ങളിൽ ജില്ല ആശുപത്രി, ചുണങ്ങംവേലി രാജഗിരി ആശുപത്രി, കാരോത്തുകുഴി, ലക്ഷ്മി ആശുപത്രി എന്നിവിടങ്ങളിലേക്ക് വരുന്നവരാണ് ഏറെ ബുദ്ധിമുട്ടുന്നത്.