ആലങ്ങാട്: ലഹരി മാഫിയസംഘം വീട് കയറി നടത്തിയ ആക്രമണത്തിൽ രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. പാനായിക്കുളം കോട്ടപ്പിള്ളിക്കുന്ന് സ്വദേശികളായ ജിഷ്ണു (26), റെജീഷ് (27) എന്നിവർക്കാണ് പരിക്ക്. ജിഷ്ണുവിെൻറ കൈക്കും റെജീഷിെൻറ തലക്കും പരിക്കേറ്റിട്ടുണ്ട്.
ഇരുവരും എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ച വൈകീട്ടാണ് സംഭവം. ഇരുവരുടെയും സുഹൃത്തുക്കളാണ് ആക്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്.
ലഹരിമരുന്ന് ഉപയോഗിക്കുകയും വിൽപന നടത്തുകയും ചെയ്യുന്നവരാണ് പ്രതികളെന്നും പരിക്കേറ്റവരും ഇതിലെ കണ്ണികളാണെന്നും ബിനാനിപുരം പൊലീസ് പറഞ്ഞു. ഇവർ തമ്മിലുണ്ടായ വാക്തർക്കമാണ് ആക്രമണത്തിന് പിന്നിൽ. കമ്പിവടി ഉപയോഗിച്ചുള്ള ആക്രമണത്തിൽ രണ്ടുപേരുടെയും വീടുകളുടെ ജനലിനും വാതിലിനും കേടുപാട് സംഭവിച്ചു. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി ബിനാനിപുരം പ്രിൻസിപ്പൽ എസ്.ഐ അബ്ദുൽ ജമാൽ അറിയിച്ചു.