പഞ്ചായത്ത് അംഗത്തെ അപമാനിച്ചു: ഓട്ടോ ഡ്രൈവർക്കെതിരെ കേസ്
text_fieldsവെള്ളരിക്കുണ്ട്: സോഷ്യൽ മീഡിയ വഴി പഞ്ചായത്ത് അംഗത്തെ അപമാനിച്ചന്ന പരാതിയിൽ ഓട്ടോ റിക്ഷ ഡ്രൈവർക്കെതിരെ കേസ്. ഭീമനടിയിലെ ഓട്ടോറിക്ഷ ഡ്രൈവറും കുറുക്കുട്ടി പൊയിൽ സ്വദേശിയുമായ ബഷീർ എന്ന എൽബിക്കെതിരെയാണ് ചിറ്റാരിക്കാൽ പൊലീസ് വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് യു.ഡി.എഫ്. അംഗം പി. വി. രവിയുടെ പരാതിയിലാണ് നടപടി.
കരിന്തളം പഞ്ചായത്തിലെ കുറുക്കുട്ടി പൊയിൽ റോഡ് വികസനവുമായി ബന്ധപ്പെട്ടാണ് ബഷീർ വാർഡ് മെംബർ രവിക്കെതിരെ വളരെ മോശമായ ഭാഷാപ്രയോഗത്തിലൂടെ ഫേസ് ബുക്കിൽ വിഡിയോ പോസ്റ്റ് ചെയ്തത്.
സജീവ സി.പി.എം പ്രവർത്തകൻ കൂടിയായ ഓട്ടോ ഡ്രൈവർ ബഷീർ തനിക്കെതിരെ സോഷ്യൽ മീഡിയ വഴി വിഡിയോ പ്രചരിപ്പിച്ചത് മാനഹാനി ഉണ്ടാക്കിയെന്നും ഉചിതമായ നടപടി എടുക്കണമെന്നും അവശ്യപ്പെട്ട് രവി നൽകിയ പരാതിയിൽ പറയുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു.