മക്കളെ വാക്കത്തികൊണ്ട് വെട്ടിയ പിതാവ് അറസ്റ്റിൽ
text_fieldsവെള്ളരിക്കുണ്ട്: കൊന്നക്കാട് മൈക്കയത്ത് മക്കളെ വാക്കത്തികൊണ്ട് വെട്ടി ഗുരുതര പരിക്കേൽപ്പിച്ച സംഭവത്തിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മൈക്കയത്തെ സജിത്തിനെയാണ് (34) വെള്ളരിക്കുണ്ട് സി.ഐ കെ. പ്രേംസദൻ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. കുട്ടികളെ സംരക്ഷിക്കാൻ ഉത്തരവാദിത്തപ്പെട്ടവർ തന്നെ അവരെ ഉപദ്രവിക്കുകയും ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും ചെയ്യൽ, വധശ്രമം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തത്.
സജിത്തിെൻറ മക്കളും വള്ളിക്കടവ് സെൻറ് സാവിയോ സ്കൂൾ വിദ്യാർഥികളുമായ അമൽ (8), അമയ് (6) എന്നീ കുട്ടികളെയാണ് സജിത്ത് വ്യാഴാഴ്ച രാവിലെ പതിനൊന്നു മണിയോടെ വെട്ടി പരിക്കേൽപ്പിച്ചത്. പരിക്കേറ്റ കുട്ടികൾ ഇപ്പോൾ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവം നടന്ന ഉടൻതന്നെ വെള്ളരിക്കുണ്ട് പൊലീസ് സ്ഥലത്ത് എത്തിയിരുന്നു. നാട്ടുകാരുടെ സഹായത്തോടെ സജിത്തിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
കുട്ടികളെ വെട്ടി പരിക്കേൽപ്പിച്ച ശേഷം മാനസിക വിഭ്രാന്തി കാണിച്ച സജിത്തിനെ ജില്ല ആശുപത്രിയിലേക്ക് മാറ്റി. ഒരു കുട്ടിയുടെ കഴുത്തിനും ഒരാളുടെ ചെവിക്കുമാണ് വെട്ട്.