മൂന്നു മാസം, 10 ജീവൻ!; ഇനിയൊരു മരണത്തിന് മുമ്പ് എന്തെങ്കിലും ചെയ്തേ പറ്റൂ...
text_fields1.മലപ്പുറം സ്വദേശികൾ സഞ്ചരിച്ച ബൈക്ക് 2. അപകടം വരുത്തിയ പിക്അപ് ജീപ്പ് പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ
ഉദുമ: കാഞ്ഞങ്ങാട്- കാസർകോട് ചന്ദ്രഗിരി സംസ്ഥാനപാതയിൽ എത്രയെത്ര ജീവനുകളാണ് പൊലിയുന്നത്? അമിത വേഗവും വലിയ വാഹനങ്ങളുടെ ആധിക്യവും തെരുവുവിളക്കുകൾ കണ്ണടച്ചതുമൊക്കെയാണ് മിക്ക അപകടങ്ങൾക്കു കാരണം. രാത്രിയോ പുലർച്ചെയോ ആണ് അപകടങ്ങളിൽ കൂടുതലും.
മൂന്നു മാസത്തിനിടെ പത്തോളം പേരുടെ ജീവനുകളാണ് ഈ റോഡിൽ നഷ്ടമായത്. ഞായറാഴ്ച പുലർച്ചെ ഉദുമ പള്ളത്ത് നടന്ന അപകടത്തിൽ മലപ്പുറം ഒതുക്കുങ്ങൽ ചെറുകുന്ന് സ്വദേശികളായ പി.ടി. ജംഷീർ (22), മുഹമ്മദ് ഷിബിൽ (20) എന്നിവരാണ് ഏറ്റവും അവസാനമായി മരിച്ചത്.
ഗോവയിൽ നടക്കുന്ന ഐ.എസ്.എൽ ഫൈനൽ കാണാൻ പോവുകയായിരുന്ന യുവാക്കൾ സഞ്ചരിച്ച ബൈക്കിൽ എതിരെ വന്ന പിക്അപ് ജീപ്പ് ഇടിക്കുകയായിരുന്നു. ഒരാൾ സംഭവ സ്ഥലത്തുവെച്ചും മറ്റൊരാൾ ആശുപത്രി വഴിമധ്യേയുമാണ് മരിച്ചത്. പുത്തൂരിൽനിന്ന് കോഴി കയറ്റി വന്ന പിക്അപ് ജീപ്പാണ് ഇടിച്ചത്. ഈ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവിടെ അപകടങ്ങൾ പരമ്പരയായിട്ടും അധികൃതർ ഒന്നും ചെയ്യുന്നില്ല.
വീതിക്കുറവും അമിത വേഗവും
കാഞ്ഞങ്ങാട്- കാസർകോട് സംസ്ഥാനപാത യാത്ര യാഥാർഥ്യമായ അന്നുമുതൽ തന്നെ വാഹനാപകടങ്ങളും തുടങ്ങി. വീതികുറഞ്ഞ നേർരേഖയിലുള്ള പാതയാണിത്. നീളത്തിൽ കിടക്കുന്ന റോഡിൽ അമിത വേഗം കൂടിയാകുേമ്പാൾ കാര്യങ്ങൾ കൈവിട്ടുപോകുന്നു. ഇത് കുറക്കാൻ വേണ്ടി മോട്ടോർ വാഹനവകുപ്പിന്റെ നേതൃത്വത്തിൽ കാമറ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഫലമുണ്ടായിട്ടില്ല. തെരുവുവിളക്കുകൾ തെളിയാത്തതും അപകടസാധ്യത കൂട്ടുന്നു. ദൂരദിക്കുകളിൽനിന്ന് വരുന്നവർക്ക് തെരുവുവിളക്കുകൾ വലിയ ആശ്വാസമാണ് നൽകുന്നത്. പലയിടത്തും ഇത് തെളിയുന്നില്ല. അമിത വേഗക്കാരെ കണ്ടെത്തി ശിക്ഷിക്കുകയാണ് അടുത്തത്. ഇതിനായി സ്ഥാപിച്ച കാമറകൾ പ്രയോജനം ചെയ്തില്ലെന്നാണ് നാട്ടുകാരുടെ പരാതി.
വിവിധ ടൗണുകളെ കീറിമുറിച്ചു പോകുന്ന പാതയായതിനാലും വീതി കുറഞ്ഞ പാതയായതിനാലും വലിയ വാഹനങ്ങൾ വരുന്നത് നിരോധിക്കണമെന്ന ആവശ്യവും ശക്തമാണ്. ഇതിനായി കലക്ടറുടെ സാന്നിധ്യത്തിൽ പലതവണ യോഗം ചേർന്ന് തീരുമാനമെടുത്തെങ്കിലും വലിയ വാഹനങ്ങൾ തടസ്സമില്ലാതെ സഞ്ചരിക്കുന്നു. ഇത് നിയന്ത്രിക്കേണ്ടവരും നിരീക്ഷിക്കേണ്ടവരും കണ്ണടക്കുേമ്പാൾ എല്ലാം തോന്നുംപടി.
ഈ പട്ടിക ഇനിയും നീളാതെ കാക്കാം
ഈ മാസം 10നാണ് കളനാട്ട് മീന്‍ലോറി ബൈക്കിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചത്. പെരിയ നിടുവോട്ട് പാറയിലെ എൻ.എ. പ്രഭാകരൻ- ഉഷാകുമാരി ദമ്പതികളുടെ മകൻ പ്രജീഷ്(21), പള്ളിക്കര സി.എച്ച്. നഗറിലെ യാക്കൂബ്- സതിമേരി ദമ്പതികളുടെ മകൻ അനിൽ (24) എന്നിവരാണ് മരിച്ചത്.
ഫെബ്രുവരി 16ന് ബേക്കൽ കോട്ടക്ക് മുന്നിൽ കോട്ടക്കുന്ന് വാഹനാപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റിരുന്നു. കാൽനടക്കാരനായ അതിഥി തൊഴിലാളി ഭുവനേശ്വർ (49), ഇരുചക്ര വാഹന യാത്രക്കാരി ശോഭ (35) എന്നിവർക്കാണ് പരിക്കേറ്റത്. നിയന്ത്രണം വിട്ട കാർ അതിഥി തൊഴിലാളിയെ ഇടിച്ച ശേഷം സ്കൂട്ടറിലും ഇടിക്കുകയായിരുന്നു.
ഫെബ്രുവരി 18 തൃക്കണ്ണാട് പെട്രോള്‍ പമ്പിന് സമീപം നടന്ന അപകടത്തിൽ ബേക്കൽ ടി.ടി. റോഡ് ഗിരീഷ് ഭവനിൽ വി.പി. ബാലകൃഷ്ണനാണ് (63) മരിച്ചത്.
തൃക്കണ്ണാട്ടെ കോൺക്രീറ്റ് കട്ടിള, ചെടിച്ചട്ടി വിൽപനശാലയിലെ ജോലി കഴിഞ്ഞു മടങ്ങുമ്പോൾ രാത്രിയാണ് അപകടമുണ്ടായത്. കാസർകോട് ഭാഗത്തേക്ക് പോകുന്ന കാറാണ് ഇടിച്ചത്.
ജനുവരി പത്തിന് ഉദുമയിലും കളനാട്ടുമുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ഉദുമയിലുണ്ടായ അപകടത്തില്‍ പാക്യാര പൊതു കിണറിന് സമീപത്തെ അബ്ദുല്ല ആലംപാടിയും കളനാട്ടുണ്ടായ അപകടത്തില്‍ കട്ടക്കാലിലെ കെ. രത്നയുമാണ് മരിച്ചത്. ഉദുമ ഇന്ത്യന്‍ കോഫി ഹൗസിന് സമീപത്തെ കെ.എസ്.ടി.പി റോഡില്‍ ബൈക്കിടിച്ചാണ് അബ്ദുല്ല മരിച്ചത്. കടയില്‍ നിന്ന് സാധനം വാങ്ങി റോഡ് മുറിച്ചു കടക്കുമ്പോഴായിരുന്നു അപകടം.
ജനുവരി ഒന്നിന് കട്ടക്കാലിൽ ബൈക്കിടിച്ച് വീട്ടമ്മ മരിച്ചിരുന്നു. കളനാട് കട്ടക്കാലിലെ കെ. രത്നയാണ് മരിച്ചത്. റോഡരികിലൂടെ നടന്നു പോവുകയായിരുന്ന രത്നയെ മേൽപറമ്പ് ഭാഗത്ത് നിന്ന് കളനാട് ഭാഗത്തേക്ക് വന്ന ബൈക്കാണ് ഇടിച്ചത്.