കപ്പലോട്ടക്കാരുടെ ഫുട്ബാൾ മത്സരം
text_fieldsകപ്പലോട്ടക്കാരുടെ കൂട്ടായ്മ സംഘടിപ്പിച്ച ഫുട്ബാൾ മത്സരത്തിൽ പങ്കെടുത്തവർ
ഉദുമ: അവധിയിൽ നാട്ടിലുള്ള കപ്പൽ ജീവനക്കാരുടെ ടീമുകൾ മാത്രം പങ്കെടുത്ത ഫുട്ബാൾ മത്സരം പുത്തൻ അനുഭവമായി. കപ്പൽ ജോലിക്കിടെ അവസരം ഒത്തുവന്നാൽ നെറ്റ് വിരിച്ച് ക്രിക്കറ്റും ഫുട്ബാളും കളിക്കുന്നവരാണ് നാവികർ.
അവധിയിൽ നാട്ടിലുള്ള കൂട്ടായ്മയാണിതിന് നേതൃത്വം നൽകിയത്. പയ്യന്നൂർ മുതൽ ജില്ലയിലെ വടക്കേയറ്റം വരെയുള്ളവർ കളിക്കാനും കളി കാണാനുമെത്തി. കളിക്കാരുടെ എണ്ണം കൂടിയതുമൂലം 12 പേർ അടങ്ങുന്ന എട്ടു ടീമുകൾക്കായി 96 പേരെ നറുക്കെടുപ്പിലൂടെയാണ് തിരഞ്ഞെടുത്തത്.
പാലക്കുന്ന് പള്ളത്തിലെ കിക്ക് ഓഫ് ഗ്രൗണ്ടിൽ മുൻ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ വിജയകുമാർ ഉദ്ഘാടനം ചെയ്തു. പ്രദീപ് ചക്ലി അധ്യക്ഷത വഹിച്ചു. പാലക്കുന്നിൽ കുട്ടി, സി.വി. മധുസൂദൻ, സുധികൃഷ്ണൻ ആറാട്ടുകടവ്, വിനീഷ് ആറാട്ടുകടവ്, പി.വി. ജയരാജ് എന്നിവർ സംസാരിച്ചു. മൂന്നരക്ക് തുടങ്ങിയ മത്സരം രാത്രി വൈകുംവരെ നീണ്ടു. ഫൈനലിൽ ഓഷ്യൻ എഫ്.സിയെ പരാജയപ്പെടുത്തി സീ ഫൈറ്റേഴ്സ് ചാമ്പ്യന്മാരായി.