മേല്‍പ്പറമ്പില്‍ സദാചാര ആക്രമണം: അഞ്ചുപേർ റിമാൻഡിൽ
text_fieldsഉദുമ: മേല്‍പ്പറമ്പില്‍ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയവരെ തടഞ്ഞുനിർത്തി സദാചാര ആക്രമണം. ബേക്കല്‍ കോട്ട സന്ദര്‍ശിച്ചു മടങ്ങിയ പെണ്‍കുട്ടികള്‍ അടക്കമുള്ള സുഹൃത്തുക്കളെയാണ് ആക്രമിച്ചത്. ഭക്ഷണം കഴിക്കുന്നതിനായി ഇവര്‍ കാര്‍ നിര്‍ത്തിയപ്പോള്‍ ചിലര്‍ ചോദ്യം ചെയ്യുകയും വാക്കേറ്റം ഉണ്ടാവുകയുമായിരുന്നു. മൂന്ന് പെണ്‍കുട്ടികള്‍ അടക്കം ആറ് പേരാണ് കാറില്‍ ഉണ്ടായിരുന്നത്.
കുമ്പളയിൽ നിന്നെത്തിയ സുഹൃത്തുക്കളാണ് അക്രമത്തിനിരയായത്. ഇവരില്‍ ഒരാളുടെ പിറന്നാള്‍ ആഘോഷത്തിന് എത്തിയതായിരുന്നു. സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് അക്രമികളെ അറസ്റ്റ് ചെയ്തു. കളനാട് കൂവതൊട്ടിയിലെ അബ്ദുൽ മൻസൂർ, ചെമ്മനാട് ചളിയങ്കോട്ടെ അബ്ദുൽ ഖാദർ അഫീക്ക്, ചട്ടംചാലിലെ മുഹമ്മദ് നിസാർ, ചെമ്മനാട് ആരിഫ്, ചളിയങ്കോട്ട സയ്യിദ് അഫ്രീദ് എന്നിവരാണ് അറസ്റ്റിലായത്. ഹോസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. തടഞ്ഞു വെയ്ക്കല്‍, സംഘം ചേര്‍ന്ന് ആക്രമിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിട്ടുള്ളത്.

