കാസർകോട്: നിബന്ധനകൾ പാലിക്കാതെ പിരിച്ചുവിട്ടതിനെതിരെ ഉദുമ മില്ലിലെ കരാർ ജീവനക്കാരൻ നിയമനടപടിക്കൊരുങ്ങുന്നു.
ഉദുമ ടെക്സ്റ്റൈൽ മില്ലിലെ അക്കൗണ്ട്സ് അസിസ്റ്റൻറ് ഗ്രേഡ് 2 താൽക്കാലിക കരാർ ജീവനക്കാരനായ പറക്കളായി സ്വദേശി മനോജ് തോമസിനെയാണ് പുറത്താക്കിയത്. 2020 ജൂലൈ 17നാണ് ഒരു വർഷത്തേക്കുള്ള കരാർ ജോലിക്കു കയറിയതെന്ന് മനോജ് പറയുന്നു.
ജന്മനാ ഹൃദ്രോഗബാധിതനായതിനാൽ ചികിത്സയുമായി ബന്ധപ്പെട്ട് ഒക്ടോബർ 27 മുതൽ 14 ദിവസത്തെ ഇ.എസ്.ഐ അവധിക്ക് അപേക്ഷിച്ചു.
അടിയന്തര വിദഗ്ധ ചികിത്സ നിർദേശിച്ചതോടെ മെഡിക്കൽ സർട്ടിഫിക്കറ്റ് ഉൾപ്പെടെ ഹാജരാക്കി ഇ.എസ്.ഐ അവധിക്ക് അപേക്ഷ നൽകി. എന്നാൽ, ജനുവരി 14ന് മുന്നറിയിപ്പൊന്നുമില്ലാതെതന്നെ ജോലിയിൽനിന്ന് പിരിച്ചുവിടുകയായിരുന്നെന്ന് മനോജ് വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
നിബന്ധനകൾ പാലിക്കാതെയുള്ള അധികാര ദുർവിനിയോഗമാണിതെന്നും ജോലി തിരിച്ചു ലഭിക്കുന്നതുവരെ നിയമപരമായി നേരിടാനാണ് തീരുമാനമെന്നും മനോജ് കൂട്ടിച്ചേർത്തു.
ഇക്കാര്യം ഓഫിസറോട് ഫോണിൽ സംസാരിച്ചതിന്, തന്നെ കള്ളക്കേസിൽ കുടുക്കി. പൊലീസ് അന്വേഷണത്തിൽ പരാതി വ്യാജമാണെന്ന് കണ്ടതോടെ കേസെടുത്തില്ലെന്നും മനോജ് പറഞ്ഞു.