മുക്കുപണ്ട തട്ടിപ്പ് കേസ്: ബാങ്ക് അപ്രൈസർ അറസ്റ്റിൽ
text_fieldsഉദുമ: ഇന്ത്യൻ ഓവർസിസ് ബാങ്ക് ഉദുമ ശാഖയിലെ 2.71 കോടിയുടെ മുക്കുപണ്ട തട്ടിപ്പു കേസിൽ ഒരാളെ കൂടി ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. ബാങ്കിലെ അപ്രൈസർ നീലേശ്വരം സ്വദേശി കുഞ്ഞികൃഷ്ണനെയാണ് (65) ബേക്കൽ ഇൻസ്പെക്ടർ യു.പി. വിവിൻ അറസ്റ്റു ചെയ്തത്. പ്രതിയെ ഹോസ്ദുർഗ് കോടതി 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ഇയാളുടെ അറിവോടെയാണ് തട്ടിപ്പ് നടന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറയുന്നു. കേസിലെ മുഖ്യപ്രതി മേൽപറമ്പ് കൂവതൊട്ടിയിലെ മുഹമ്മദ് സുഹൈർ റിമാൻഡിലാണ്. ബാങ്കിൽ നിന്ന് മുഹമ്മദ് സുഹൈറും മറ്റ് 12 പേരും ചേർന്ന് പല ഘട്ടങ്ങളിലായി മുക്കുപണ്ടം പണയപ്പെടുത്തി 2,71,36000 രൂപയാണ് തട്ടിയെടുത്തത്. ഓഡിറ്റിങ് സമയത്ത് മേലധികാരികൾ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. തുടർന്നാണ് ബാങ്ക് മാനേജര്‍ പൊലീസിൽ പരാതി നൽകിയത്.
തിരൂർ പൊന്ന് എന്നറിയപ്പെടുന്ന ചെമ്പിൽ സ്വർണം പൂശിയ ആഭരണങ്ങളാണ് പണയംവെച്ചത്. ഇതിൽതന്നെ നെക്ലേസ് മാലകളാണ് കൂടുതലും. മാലയുടെ കൊളുത്തിൽ മാത്രമാണ് സ്വർണമുണ്ടായത്. കേസിലെ മറ്റുപ്രതികളായ ഉദുമ, ബേക്കൽ, കളനാട് സ്വദേശികളായ ഹസൻ, റുഷൈദ്, അബ്ദുൽ റഹീം, എം. അനീസ്, മുഹമ്മദ് ഷമ്മാസ്, മുഹമ്മദ് സിയാദ്, മുഹസിൻ ജഷീദ്, മുഹമ്മദ് ഷഹമത്ത്, മുഹമ്മദ് ജാവിദ്, മുഹമ്മദ് സഫ്വാൻ, മുഹമ്മദ് ഹാഷിം, ഹാരിസ് എന്നിവര്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.