ചമയങ്ങൾക്ക് നിറമറ്റു; ജീവിതവഴിയടഞ്ഞ് നാടൻ കലാകാരന്മാർ
text_fieldsനരി നാരായണന്‍റെ വീട്ടിൽ ഉപയോഗശൂന്യമായിക്കിടക്കുന്ന ചമയക്കോപ്പുകൾ
ഉദുമ: ക്ഷേത്രോത്സവങ്ങൾക്കും സാമൂഹിക സാംസ്‌കാരിക വിശേഷങ്ങൾക്കും ദൃശ്യ -ശ്രാവ്യ വിരുന്നൊരുക്കി ജീവിച്ചുപോന്ന നാടൻ കലാകാരന്മാരുടെ ജീവിതം വഴിമുട്ടി. നിത്യവൃത്തിക്കുപോലും വകയില്ലാതെ കോവിഡിനെ പഴിച്ചുകൊണ്ട് അവർ വീടുകളിൽ ഒതുങ്ങിക്കഴിയുകയാണ്. കഴിഞ്ഞ വർഷം ലോക്ഡൗണിൽ അരങ്ങൊഴിയേണ്ടി വന്ന ഈ കലാകാരന്മാർക്ക് അതിനുശേഷം ശരീരത്തിൽ ചായം തേക്കാൻ അവസരമുണ്ടായിട്ടില്ല. മറ്റു തൊഴിലുകളൊന്നും വശമില്ലാത്തതിനാൽ, കോവിഡ് മഹാമാരി എന്ന് മാറിക്കിട്ടുമെന്ന പ്രാർഥനയിൽ അവരവരുടെ കൂടാരങ്ങളിൽ ഒതുങ്ങിക്കഴിയുകയാണിവരിപ്പോൾ.
സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ഉത്സവങ്ങൾക്കും മറ്റു വിശേഷ ആഘോഷ പരിപാടികൾക്കും പകിട്ടും കൊഴുപ്പും നൽകുന്നതിൽ നൂറുകണക്കിന് നാടൻ കലാകാരന്മാരുടെ പങ്ക് ചെറുതല്ല. പാലക്കുന്ന് ആദിശക്തി പുലിക്കളി നാടൻ കലാക്ഷേത്രത്തിെൻറ സ്ഥാപകനും ഉടമയുമായ നരിനാരായണൻ വാടക നൽകാനാവാതെ പാലക്കുന്നിലെ വാടകക്കെട്ടിടത്തിലെ കോപ്പുകളെല്ലാം കുതിരക്കോട് കണ്ണോളിലെ തെൻറ വീട്ടിലേക്ക് മാറ്റി.
വിവിധ നാടൻ കലാരൂപങ്ങൾക്കുവേണ്ടി വാങ്ങിയതും സ്വന്തം ഉണ്ടാക്കിയതുമായ മൂന്ന് ലക്ഷത്തോളം രൂപ വിലമതിക്കുന്ന ചമയക്കോപ്പുകൾ ഉപയോഗശൂന്യമായ പാഴ്വസ്തുക്കളായെന്ന് അദ്ദേഹം പറയുന്നു . സ്വന്തം കരവിരുതിൽ ഉണ്ടാക്കിയ ആഫ്രിക്കൻ പക്ഷികൾ, കോഴികൾ, മൂന്ന് തലയുള്ള പാമ്പുകൾ തുടങ്ങിയ കലാരൂപങ്ങൾ ഇതിൽപെടും. ആദി ശക്തി കലാകേന്ദ്രത്തെ ആശ്രയിച്ചുകഴിയുന്ന ചെന്നൈ, മൈസൂരു, ഹൈദരബാദ് എന്നിവിടങ്ങളിലെ കലാകാരന്മാരും പട്ടിണിയിലാണെന്ന് നാരായണൻ പറയുന്നു.
കലയെ ജീവിതോപാധിയാക്കിയ ഒട്ടനേകം കലാകാരന്മാർക്ക് സർക്കാർ നൽകുന്ന തുച്ഛമായ പെൻഷൻ കൊണ്ടുമാത്രം ജീവിക്കാനാവില്ലെന്നും തുക വർധിപ്പിക്കണമെന്നും 'നന്മ' ഉദുമ മേഖല കമ്മിറ്റി പ്രസിഡന്‍റ് വരദ നാരായണനും സി. അജിത്തും ആവശ്യപ്പെട്ടു.