അട്ടശല്യത്തിൽ പൊറുതിമുട്ടി മീൻപിടുത്ത തൊഴിലാളികൾ
text_fieldsഉദുമ: അട്ടശല്യംമൂലം കടലിൽ പോകാനാവാതെ മത്സ്യത്തൊഴിലാളികൾ. പള്ളിക്കര, ബേക്കൽ, കോട്ടിക്കുളം ഭാഗത്തെ മത്സ്യത്തൊഴിലാളികളാണ് ഒരാഴ്ചയിലേറെയായി അട്ടശല്യം നേരിടുന്നത്. മത്സ്യങ്ങളേക്കാളേറെ അട്ടകളാണ് വലയിൽ കുടുങ്ങുന്നതെന്ന് തൊഴിലാളികൾ പറഞ്ഞു. ഇവ വേർതിരിക്കാൻ കരയിൽ പാടുപെടുന്നു. മത്സ്യങ്ങളെ വേർതിരിച്ചശേഷം ഉപ്പുകലരാത്ത വെള്ളത്തിൽ വല ഏറെനേരം കുതിർത്തുവെക്കും. പിന്നീട് വല ശക്തിയോടെ കുടയുമ്പോൾ അട്ടകൾ പുറത്തുവീഴുമെങ്കിലും ശേഷിക്കുന്നവ കൈകൊണ്ട് പെറുക്കിക്കളയണം.
അട്ടയുടെ കടിയേൽക്കുന്നവരും ഏറെയാണെന്ന് ഇവർ പറയുന്നു. വലക്കും കേടുപാടുകൾ സംഭവിക്കുന്നുണ്ടത്രേ. ജില്ലയിൽ പലയിടത്തും അട്ടശല്യം മീൻപിടുത്തക്കാർക്ക് ഭീഷണിയാകുന്നുവെന്ന് മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ല സെക്രട്ടറി ശംഭു ബേക്കൽ പറഞ്ഞു.