കെ.എസ്.ടി.പി പാതയോരത്തെ ഡി.വൈ.എഫ്.ഐ ബസ് വെയിറ്റിങ് ഷെഡ് പൊളിച്ചുനീക്കി
text_fieldsഉദുമ ടൗണിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ പുതിയ ബസ് കാത്തിരിപ്പു കേന്ദ്രം നിർമിക്കുന്നു
ഉദുമ: കെ.എസ്.ടി.പി പാതയോരത്ത് ഉദുമ ടൗണിലെ ഡി.വൈ.എഫ്.ഐയുടെ ഭാസ്കര കുമ്പള സ്മാരക ബസ് വെയിറ്റിങ് ഷെഡ് പൊളിച്ചുനീക്കി. ബുധനാഴ്ച പുലർച്ച നാല് മണിയോടെ ബേക്കൽ പൊലീസ് സഹായത്തോടെയാണ് കെ.എസ്.ടി.പി ഉദ്യോഗസ്ഥർ ബസ് വെയിറ്റിങ് ഷെഡ് പൊളിച്ചുനീക്കിയത്.
കെ.എസ്.ടി.പി റോഡിലെ ബസ് കാത്തിരിപ്പ് കേന്ദ്രം ടൗൺ വികസനത്തിന് തടസ്സമായി നിൽക്കുന്നുവെന്നും ഇവിടെ വാഹനാപകടങ്ങൾ സ്ഥിരമായി നടക്കുന്നുവെന്നും ചൂണ്ടിക്കാട്ടി മുസ് ലിം യൂത്ത് ലീഗ് ജില്ല കമ്മിറ്റിയംഗം ടി.കെ. മുഹമ്മദ് ഹബീബ് ഹൈകോടതിയിൽ ഹരജി നൽകിയിരുന്നു.ഇതിനെ തുടർന്ന് ബസ് വെയിറ്റിങ് ഷെഡ് പൊളിച്ചുനീക്കാൻ ഹൈകോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ഡി.വൈ.എഫ്.ഐ അപ്പീൽ നൽകിയിരുന്നു.
ജില്ല കലക്ടർ ചെയർമാനായ റോഡ് സേഫ്റ്റി കൗൺസിലിനോട്, ഉദുമ പഞ്ചായത്ത് ഭരണസമിതി പൊളിച്ചുമാറ്റാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് റോഡ് സേഫ്റ്റി കൗൺസിൽ പൊളിച്ചുമാറ്റാൻ തീരുമാനിച്ചിരുന്നു. എന്നാൽ, തീരുമാനം നടപ്പിലായില്ല. ഇതിനെ ചോദ്യം ചെയ്താണ് ഹസീബ് ഹൈകോടതിയെ സമീപിച്ചത്. 2019 ആഗസ്റ്റ് അഞ്ചിന് ഹൈകോടതി വിധിയിൽ ഒരു മാസത്തിനകം പൊളിച്ചുമാറ്റാൻ ഉത്തര വിട്ടിരുന്നു.
വെയിറ്റിങ് ഷെഡ് പൊളിക്കുന്നതിനെതിരെ ഡി.വൈ.എഫ്.ഐ നേതാവ് ഹൈകോടതിയിൽ നൽകിയ റിവ്യൂ പെറ്റീഷനെ തുടർന്ന്, ഹൈകോടതി വിധി നടപ്പിലാക്കുന്നത് നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് സ്റ്റേറ്റ് അറ്റോണി ജനറൽ ജില്ല കലക്ടർക്ക് കത്ത് നൽകി. അതിെൻറ അടിസ്ഥാനത്തിലാണ് ജില്ല കലക്ടർ വിധി മരവിപ്പിച്ചത്. ഡി.വൈ.എഫ്.ഐ നൽകിയ അപ്പീലിന് കാലാവധി ചൊവ്വാഴ്ച രാത്രി അവസാനിച്ചിരുന്നു.
ബുധനാഴ്ച രാവിലെ വീണ്ടും അപ്പീൽ നൽകാൻ ശ്രമിക്കുന്നതിനിടെയാണ് രാഷ്ട്രീയപ്രേരിതമായി ഉദുമ ഗ്രാമപഞ്ചായത്ത് ബസ് വെയിറ്റിങ് ഷെഡ് പൊളിച്ചുനീക്കിയതെന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആരോപിച്ചു.
മണിക്കൂറുകൾക്കകം താൽക്കാലിക ബസ് കാത്തിരിപ്പ് കേന്ദ്രം ഒരുക്കി
ഉദുമ: ഉദുമ ടൗണിൽ കെ.എസ്.ടി.പി പാതയോരത്ത് ഭാസ്കര കുമ്പള ബസ് കാത്തിരിപ്പുകേന്ദ്രം കെ.എസ്.ടി.പി അധികൃതർ പൊളിച്ചുനീക്കിയതിനെ തുടർന്ന് മണിക്കൂറുകൾക്കകം ഡി.വൈ.എഫ്.ഐ പ്രവർത്തകർ താൽക്കാലിക ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിച്ചു. പൊളിച്ചുനീക്കിയ ബസ് കാത്തിരിപ്പു കേന്ദ്രത്തിന് തൊട്ടുപിറകിലായാണ് ഷീറ്റ് മേഞ്ഞ് കാത്തിരിപ്പ് കേന്ദ്രം നിർമിച്ചത്. ഭാസ്കര കുമ്പളയുടെ നാമധേയത്തിലാണ് പുതിയ ബസ് കാത്തിരിപ്പു കേന്ദ്രവും നിർമിച്ചത്.