വിവിധോദ്ദേശ്യ ഇൻഡോർ സ്റ്റേഡിയം; ഇനിയെന്നാണ് കായിക താരങ്ങൾക്ക് തുറന്നുകൊടുക്കുക?
text_fieldsതൃക്കരിപ്പൂർ ജില്ല സ്റ്റേഡിയത്തിന്റെ ആകാശക്കാഴ്ച
തൃക്കരിപ്പൂർ: രാജീവ് ഗാന്ധി സിന്തറ്റിക് ടർഫിനോട് ചേർന്ന് ഉദ്ഘാടനം ചെയ്ത ജില്ല സ്റ്റേഡിയത്തിലെ എം.ആർ.സി കൃഷ്ണൻ വിവിധോദ്ദേശ്യ ഇൻഡോർ സ്റ്റേഡിയം കായിക താരങ്ങൾക്ക് തുറന്നു നൽകിയില്ല. കായിക വകുപ്പ് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 31.53 കോടി ചെലവിലാണ് സ്റ്റേഡിയം നിർമിച്ചത്. ഈവർഷം ഫെബ്രുവരിയിലാണ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്തത്. തൃക്കരിപ്പൂർ പഞ്ചായത്ത് വിട്ടുനൽകിയ 10 ഏക്കറിലധികം വിസ്തൃതിയുള്ള ഭൂമിയിലാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം.
കിറ്റ്കോ മേൽനോട്ടത്തിൽ മാപ്സ് ഗ്ലോബൽ കൺസ്ട്രക്ഷൻ കമ്പനി നിർമാണം പൂർത്തിയാക്കി. സ്റ്റേഡിയത്തിന്റെ ദൈനംദിന നടത്തിപ്പും പരിപാലനവും സംബന്ധിച്ച ചുമതല ഏത് ഏജൻസിക്കാണെന്നതിലും ജീവനക്കാരുടെ നിയമനത്തിലും വ്യക്തമായ ക്രമീകരണം പൂർത്തിയാകാത്തതാണ് പ്രധാന തടസ്സം.
സെമി ഒളിമ്പിക് നീന്തൽക്കുളം ഉൾപ്പെടെയുള്ള വലിയ സംവിധാനങ്ങളുടെ സുരക്ഷ പരിശോധനകളും സാങ്കേതിക അനുമതികളും വിവിധ ഇൻഡോർ കോർട്ടുകളുടെ ഉപയോഗ നിബന്ധനകളും പൂർണമായി പ്രാബല്യത്തിൽ വരാൻ വൈകുന്നത് വിട്ടു നൽകാൻ തടസ്സമായിട്ടുണ്ട്. രാജ്യാന്തര ഫുട്ബാൾ താരം എം. സുരേഷിന്റെ പിതാവും ഫുട്ബാൾ താരവും പരിശീലകനുമായിരുന്ന എം.ആർ.സി. കൃഷ്ണന്റെ ഓർമക്കായാണ് സ്റ്റേഡിയത്തിന് പേരുനൽകിയിട്ടുള്ളത്. ബാഡ്മിന്റൺ, ബാസ്കറ്റ് ബാൾ, വോളിബാൾ, ടേബിൾ ടെന്നിസ് എന്നിവക്കുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള കോർട്ടുകൾ ഇവിടെയുണ്ട്.
ദേശീയതല മത്സരങ്ങൾ വരെ സംഘടിപ്പിക്കാൻ പാകത്തിലുള്ള ലൈറ്റിങ്, അക്വാസ്റ്റിക്സ് സൗകര്യങ്ങൾ ഇതിന് പുറമെയാണ്. ജില്ലയിലെ ആദ്യത്തെ സെമി ഒളിമ്പിക് നീന്തൽക്കുളം. മത്സരങ്ങൾക്കും നീന്തൽ പരിശീലനത്തിനും ഒപ്പം വാട്ടർ പോളോ, അണ്ടർവാട്ടർ സ്പോർട്സ്, ജീവൻരക്ഷാ പരിശീലനം എന്നിവക്കുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. നനക്കാൻ സ്പ്രിംഗ്ലർ സംവിധാനത്തോട് കൂടിയ സെവൻസ് നാച്ചുറൽ ഗ്രാസ് ഫുട്ബാൾ ഗ്രൗണ്ട്, കബഡി കോർട്ട്, 400 മീറ്റർ ഫ്ലഡ്ലിറ്റ് ട്രാക്ക് എന്നിവയുമുണ്ട്. ആയിരക്കണക്കിന് കാണികൾക്ക് ഒരേസമയം കളി കാണാൻ സാധിക്കുന്ന മൂന്ന് നില പവിലിയൻ മന്ദിരം, വെവ്വേറെ ചേഞ്ചിങ് റൂമുകൾ, വി.ഐ.പി. ലോഞ്ച്, മീഡിയ റൂം, ഫെഡറേഷൻ ലോഞ്ച് എന്നിവ അനുബന്ധ സൗകര്യങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

