മാലിന്യപ്രശ്നം; ആശുപത്രിയിൽ കുടിവെള്ള പരിശോധന
text_fieldsകൊയങ്കര ഗവ. ആയുർവേദ ആശുപത്രി സെപ്റ്റിക് മാലിന്യം വെളിയിലേക്ക് ഒഴുകിയനിലയിൽ
തൃക്കരിപ്പൂർ: കക്കൂസ് മാലിന്യം വെളിയിലേക്ക് ഒഴുകിയതിനെ തുടർന്ന് രോഗികളെ ഡിസ്ചാർജ് ചെയ്ത കൊയോങ്കര ഗവ. ആയുർവേദ ആശുപത്രിയിൽ തിങ്കളാഴ്ച കുടിവെള്ള പരിശോധന നടത്തും.കനത്ത മഴയിൽ സെപ്റ്റിക് ടാങ്ക് നിറഞ്ഞൊഴുകിയതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. ഇതേത്തുടർന്ന് ഇവിടെ ചികിത്സക്കായി പ്രവേശിപ്പിച്ച രോഗികളെ മുഴുവൻ ഡിസ്ചാർജ് ചെയ്തിരുന്നു. എന്നാൽ, ഒ.പി വിഭാഗം സാധാരണപോലെ പ്രവർത്തിക്കും. കക്കൂസ് മാലിന്യത്തിൽനിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് പരിസരത്തെ ചിലർ പരാതി നൽകിയിരുന്നു. തുടർന്ന് തൃക്കരിപ്പൂർ പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി കുഴിയെടുത്ത് മാലിന്യം നീക്കിയിരുന്നു.
പിന്നീട് മഴയിൽ വെള്ളം നിറഞ്ഞ് വീണ്ടും ദുർഗന്ധമുയർന്നു. ഇതോടെ മുഴുവൻ രോഗികൾക്കും വിടുതൽ നൽകുകയായിരുന്നു. 20 പേരെ കിടത്തിച്ചികിത്സിക്കാൻ സൗകര്യമുള്ള ആശുപത്രിയിൽ ദിനംപ്രതി നൂറുകണക്കിന് രോഗികളെത്തുന്നുണ്ട്.

