തൃക്കരിപ്പൂർ: കടമുറിയിൽ പ്രവർത്തിക്കുന്ന വെള്ളാപ്പിലെ ആയുഷ് ഹോമിയോ ഡിസ്പെൻസറിയിൽ നിന്നുതിരിയാൻ ഇടമില്ല. കൂട്ടിവെച്ചിരിക്കുന്ന മരുന്നുപെട്ടികളുടെ അരികിലാണ് രോഗികളെ പരിശോധിക്കുന്നത്. മരുന്ന് സൂക്ഷിക്കാൻ പ്രത്യേക സൗകര്യം ഉണ്ടെങ്കിലും മരുന്നുകൾ വിതരണം ചെയ്യാനുള്ള സൗകര്യത്തിനായി ഒറ്റമുറിയുടെ ഒരുഭാഗത്തായി അടുക്കിയിരിക്കുന്നു.
രോഗികൾക്ക് കാത്തിരിപ്പിനുള്ള സ്ഥലവും ഇതിനകത്താണ്. പരിമിതമായ ഭൗതിക സൗകര്യങ്ങൾക്കിടയിലും മികച്ച സേവനം ലഭിക്കുന്നതിനാൽ ധാരാളം ആളുകൾ ആശുപത്രിയെ ആശ്രയിക്കുന്നുണ്ട്. 2011ൽ പ്രവർത്തനം തുടങ്ങിയ ആശുപത്രിയിൽ പ്രതിമാസം മൂവായിരത്തോളം ഒ.പി കേസുകൾ വരുന്നുണ്ട്. സ്ഥലം ലഭ്യമല്ലാതിരുന്നതാണ് സ്വന്തം കെട്ടിടം പണിയുന്നതിന് തടസ്സമായത്. ഇവിടെ ഫാർമസി കോളജ് റോഡിൽ മൂന്നുസെൻറ് ഭൂമി എ.ജി. അബ്ദുൽ അസീസ് കൈമാറാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. വസ്തു കൈമാറ്റ രേഖയും പഞ്ചായത്തിന് നൽകി.
ഈ വസ്തു ആധാരം ചെയ്യുന്ന നടപടികളിലാണ്. ഭൂമി ആധാരം ചെയ്തുകഴിഞ്ഞാൽ കെട്ടിടം പണിയുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.