തൃക്കരിപ്പൂർ: ചോരുന്ന കൂരയിൽ കഴിയുകയായിരുന്ന അമ്മക്കും മകൾക്കും സുമനസ്സുകളുടെ കാരുണ്യത്തിൽ ഒരുക്കിയ വീട് ഞായറാഴ്ച കൈമാറും. കാരോളം രാമവില്യം ഗേറ്റ് പരിസരത്തെ വിജയവല്ലിയും മകളും ഇത്തവണ തോരാത്ത സന്തോഷത്തിലാണ് ഓണം ആഘോഷിക്കുക. വലിച്ചുകെട്ടിയ പ്ലാസ്റ്റിക് പായക്ക് കീഴെ ഭീതിയോടെ അന്തിയുറങ്ങിയിരുന്ന അമ്മയെയും മകളെയും കുറിച്ച് 'മാധ്യമ'ത്തിലൂടെയാണ് പുറംലോകം അറിയുന്നത്.
കാരോളത്തെ ജീവകാരുണ്യ സംഘടനയായ കൈത്താങ്ങിെൻറ പ്രവർത്തകർ തറപണിയാൻ ആവശ്യമായ ചെങ്കല്ലും മണലും സിമൻറും എത്തിച്ചുനൽകാൻ സന്നദ്ധമായതോടെ വീടിന് കുറ്റിയടിച്ചു. 1991 ബാച്ചിലെ എസ്.എസ്.എൽ.സി സഹപാഠികളും ചക്രപാണി ക്ഷേത്രം അധികൃതരും പിന്തുണയായി. തറ പൂർത്തിയാവുന്നതിനിടയിൽ വല്ലിയുടെ സഹപാഠികളുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ വിഭവ സമാഹരണം നടത്തി. പലരും ശ്രമദാനവുമായി മുന്നോട്ടുവന്നു. കല്ലും സിമൻറും ജനാലകളും ഒക്കെയായി സഹായം കനിവായി ഒഴുകിയെത്തി. കോവിഡ് അടച്ചിടലിൽ അൽപമൊന്ന് മന്ദഗതിയിലായ നിർമാണം ഈ വർഷം സജീവമായി.
'ഗൾഫ് മാധ്യമ'ത്തിലൂടെ കുടുംബത്തെ കുറിച്ചറിഞ്ഞ പ്രവാസികളിൽ പലരും സഹായവുമായി എത്തിയിരുന്നതായി വീട് നിർമാണക്കമ്മിറ്റി ഭാരവാഹി അറിയിച്ചു. കുടുംബം താമസിച്ചിരുന്ന കുടിലിനോടു ചേർന്നുള്ള അഞ്ച് സെൻറ് ഭൂമിയിലാണ് പത്തുലക്ഷത്തിലേറെ രൂപ ചെലവിൽ പുതിയ വീടുപണിതത്.
11 വർഷം മുമ്പ് ജീവിതപങ്കാളി വല്ലിയെയും മകളെയും ഉപേക്ഷിച്ചുപോയി. അന്ന് തീരുമാനിച്ചതാണ് സ്വന്തം കാലിൽ നിൽക്കാൻ. ഭവനപദ്ധതിക്കായി ഏറെ പ്രതീക്ഷയോടെയാണ് അധികൃതരെ സമീപിച്ചത്. പട്ടിക വന്നപ്പോൾ ഈ അമ്മയും മകളും ഇല്ല. പയ്യന്നൂരിലെ വസ്ത്രശാലയിൽ തൊഴിലെടുത്താണ് ഈ കുടുംബം കഴിഞ്ഞുപോരുന്നത്. സ്വാതന്ത്ര്യ ദിനത്തിൽ വൈകീട്ട് നാലുമണിക്ക് കുടുംബത്തിന് വീട് കൈമാറുമെന്ന് നിർമാണത്തിന് നേതൃത്വം വഹിച്ച പി.കെ.സത്യനാഥൻ, പി.വി.മാധവൻ, ടി.വി.വിനോദ് കുമാർ, ടി.വി. അനിൽ കുമാർ, സ്മിത ഭരത്, എം. ഉഷ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.