തൃക്കരിപ്പൂർ: നാലുകോടിയോളം ചെലവഴിച്ച് നിര്‍മിച്ച, വലിയപറമ്പ പഞ്ചായത്തിലെ മാടക്കാല്‍ തൂക്കുപാലം തകര്‍ന്നിട്ട് ഏഴുവർഷം പൂർത്തിയായിട്ടും പകരം സംവിധാനം ഒരുക്കിയില്ല. 2013 ജൂൺ 27ന് ഉച്ചയോടെയാണ് അറുപത് ദിവസം മാത്രം പ്രായമായ പാലം കായലിൽ പതിച്ചത്. 2013 ഏപ്രില്‍ 29ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശാണ് പാലം ഉദ്ഘാടനം ചെയ്തത്.
പൊതുമേഖല സ്ഥാപനമായ കെല്‍ ആണ് 3.97 കോടി ചെലവില്‍ 305 മീറ്റര്‍ നീളമുള്ള തൂക്കുപാലം നിര്‍മിച്ചത്. 100 ടണ്‍ ഉരുക്കാണ് പാലത്തിന് ഉപയോഗിച്ചത്. ഉദ്ഘാടന ദിവസം തന്നെ പാലം കൈവരി വെല്‍ഡിങ് ഇളകിയിരുന്നു.പാലത്തിെൻറ മാടക്കാല്‍ തുരുത്തിലുള്ള കോണ്‍ക്രീറ്റ് പില്ലര്‍ നേരെ പടിഞ്ഞാറ് ഭാഗത്തേക്ക് മറിഞ്ഞുവീഴുകയായിരുന്നു. കായലിനടിയില്‍ പൈല്‍ ചെയ്ത് താഴ്ത്തിയിരുന്ന പിയറുകള്‍ക്ക് മുകളില്‍ നാലടിയോളം കോണ്‍ക്രീറ്റ് അടിത്തറയിലാണ് 22 മീറ്റര്‍ ഉയരമുള്ള പ്രധാന പില്ലര്‍ ഉറപ്പിച്ചിരുന്നത്.
പിയറുകളില്‍ നിന്ന് അടിത്തറ അടര്‍ത്തിയെടുത്ത നിലയിലാണ് കായലില്‍ പതിച്ചത്. ബന്ധപ്പെട്ട കുറ്റക്കാർക്ക് മാതൃകാപരമായ ശിക്ഷ ലഭിക്കുകയോ പകരം പാലം ഉണ്ടാക്കുകയോ ചെയ്തില്ല. ഇതോടെ പടന്ന പഞ്ചായത്തിലെ തെക്കേകാട് തുരുത്തിലെ വലിയപറമ്പ ദ്വീപുമായി ബന്ധിപ്പിക്കാൻ സമാന ഡിസൈനിൽ നിർമാണം ആരംഭിച്ച തൂക്കുപാലം പണി ഉപേക്ഷിക്കുകയായിരുന്നു.
മാടക്കാൽ തൂക്കുപാലം തകർന്നതോടെ നാട്ടുകാരുടെ യാത്രാപ്രശ്നത്തിന് പരിഹാരമായി ജില്ല കലക്ടറുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ് നാട്ടുകാര്‍ക്ക് കടന്നുപോകാന്‍ വലിയപറമ്പ ഗ്രാമപഞ്ചായത്ത് സൗകര്യമൊരുക്കിയത്. ഇവിടെ കടത്തുതോണി അനുവദിക്കുകയും ചെയ്തു. തൊട്ടടുത്ത മാസം കടത്ത് തോണി മറിഞ്ഞ് സ്കൂള്‍ കുട്ടികളടക്കമുള്ള യാത്രക്കാർ കായലിൽ വീഴുകയും പരിക്കേൽക്കുകയും ചെയ്തിരുന്നു.