തൃക്കരിപ്പൂർ താലൂക്ക്: ആവശ്യം ശക്തമാകുന്നു
text_fieldsതൃക്കരിപ്പൂർ ബസ് സ്റ്റാൻഡ്
തൃക്കരിപ്പൂർ: നീലേശ്വരം നഗരസഭയെ ഹൊസ്ദുർഗ് താലൂക്കിൽ നിലനിർത്തി, തൃക്കരിപ്പൂർ താലൂക്ക് രൂപവത്കരിക്കണമെന്ന് ആവശ്യം. ജില്ല രൂപവത്കരിച്ച കാലം മുതൽ ഉയരുന്ന ആവശ്യത്തിന് സമ്മർദം ഏറിയിരിക്കുകയാണ്. നീലേശ്വരം നഗരസഭയെ ഹോസ്ദുർഗ് താലൂക്കിൽതന്നെ നിലനിർത്തി തൃക്കരിപ്പൂർ, പടന്ന, വലിയപറമ്പ, പിലിക്കോട്, ചീമേനി, ചെറുവത്തൂർ പഞ്ചായത്തുകളെ കൂട്ടിച്ചേർത്ത് തൃക്കരിപ്പൂർ കേന്ദ്രമായി താലൂക്ക് യാഥാർഥ്യമാക്കാൻ മുസ്ലിം ലീഗ് നേതൃത്വം മുന്നിട്ടിറങ്ങി. അവരുടെ മണ്ഡലം കമ്മിറ്റി ഇതുസംബന്ധിച്ച് നിവേദനം നൽകിയിട്ടുണ്ട്.
ജില്ല പിറവിക്കൊപ്പം ഉയർന്ന ആവശ്യമാണിത്. പതിറ്റാണ്ടുകൾക്ക് മുമ്പ് സർക്കാർ നിയോഗിച്ച ചന്ദ്രഭാനു കമീഷൻ താലൂക്കിന് ശിപാർശ ചെയ്തിരുന്നു. എന്നാൽ, മാറിമാറി വന്ന സര്‍ക്കാറുകള്‍ ആവശ്യത്തോട് പുറംതിരിഞ്ഞു നില്‍ക്കുകയായിരുന്നു. തെക്ക് വലിയപറമ്പ മുതല്‍ വടക്ക് അജാനൂർ വരെയുള്ള തീരദേശവും ഇടനാടും മലയോരവും ഉള്‍പ്പെടുന്ന 11 പഞ്ചായത്തുകളാണ് ഹോസ്ദുർഗ് താലൂക്കില്‍ ഉള്‍പ്പെടുന്നത്. ഇത്രയും പഞ്ചായത്തുകളിലായി 30 വില്ലേജുകളാണ് താലൂക്കിന്റെ ഭരണപരിധി. സംസ്ഥാനത്തെതന്നെ ഏറ്റവും വിസ്തൃതമായ താലൂക്കുകളില്‍ ഒന്നാണിത്.
കണ്ണൂര്‍ ജില്ലയിലെ ഏഴിമല നാവിക അക്കാദമിയോട് ചേര്‍ന്ന് കിടക്കുന്ന വലിയപറമ്പിന്റെ ഭാഗമായ തൃക്കരിപ്പൂര്‍ കടപ്പുറം നിവാസികള്‍ക്ക് താലൂക്ക് ആസ്ഥാനത്തെത്താൻ ദിവസം മുഴുവൻ ചെലവഴിക്കണം.
നിരവധി പഞ്ചായത്തുകളും രണ്ട് നഗരസഭകളും കടന്നാണ് തോണിയും ബസും മാറി മാറിക്കയറി ഇവര്‍ കാഞ്ഞങ്ങാട്ടെ താലൂക്ക് ആസ്ഥാനത്ത് എത്തുന്നത്. പ്രദേശത്തിന്റെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെന്നു മാത്രമല്ല, അനുവദിച്ചവ ആരംഭിക്കാത്തതും തൃക്കരിപ്പൂരിന്റെ മാത്രം സവിശേഷതയാണ്. പാര്‍ട്ടി വൈജാത്യങ്ങള്‍ക്കപ്പുറം കൂട്ടായ്മയുണ്ടാവാത്തതാണ് ഒരു പ്രശ്നം. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരെ സമ്മാനിച്ച മണ്ഡലം എന്ന നിലക്കും തൃക്കരിപ്പൂരിന് അര്‍ഹമായ പരിഗണന താലൂക്കിന്റെ കാര്യത്തില്‍ ലഭിച്ചില്ല. നീലേശ്വരം ബ്ലോക്കില്‍ പക്ഷേ, ബ്ലോക്ക് ആസ്ഥാനമായ നീലേശ്വരം നഗരസഭയില്ല. ചോയ്യങ്കോട്ടിനടുത്താണ് ബ്ലോക്ക് ഓഫിസ് സ്ഥിതി ചെയ്യുന്നത്. ബ്ലോക്ക് ആസ്ഥാനം ബ്ലോക്ക് പരിധിയിലല്ലാത്തത് സാങ്കേതികവും ഭരണപരവുമായ ഒട്ടേറെ പ്രയാസങ്ങളുണ്ടാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

