തൃക്കരിപ്പൂർ സബ് രജിസ്ട്രാർ ഓഫിസ് കെട്ടിടം ഒരുങ്ങി; ഉദ്ഘാടനത്തിന് കാത്തിരിപ്പ്
text_fieldsനിർമാണം പൂർത്തിയായ തൃക്കരിപ്പൂർ സബ് രജിസ്ട്രാർ ഓഫിസ് കെട്ടിടം
തൃക്കരിപ്പൂർ: കെട്ടിടം പണി പൂർത്തിയായിട്ടും തൃക്കരിപ്പൂർ സബ് രജിസ്ട്രാർ ഓഫിസ് ഉദ്ഘാടനം വൈകുന്നു. റെക്കോഡ്സ് റൂമിന്റെ ക്രമീകരണം വൈകുന്നതാണ് ഉദ്ഘാടനം വൈകാനിടയാക്കുന്നത്. 1990ന് ശേഷമുള്ള രേഖകൾ ഡിജിറ്റൽ സങ്കേതത്തിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാൽ, അതിനുമുമ്പുള്ള രേഖകൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിന് വിപുലമായ സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്.
1910 ഡിസംബർ ഒന്നിനാണ് തൃക്കരിപ്പൂർ സബ് രജിസ്ട്രാർ ഓഫിസ് പ്രവർത്തനം തുടങ്ങിയത്. പഞ്ചായത്ത് ഓഫിസിന് സമീപം നിലവിലുള്ള കെട്ടിടം 1996ൽ പണിതതാണ്. സുപ്രധാന രേഖകൾ സൂക്ഷിക്കാനുള്ള സ്ഥലപരിമിതി കണക്കിലെടുത്താണ് മൂന്നുനില കെട്ടിടം വിഭാവനം ചെയ്തത്. ഇതിനായി കിഫ്ബി അനുവദിച്ച 91 ലക്ഷം രൂപ ചെലവിട്ട് സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപറേഷനാണ് നിർമാണം ഏറ്റെടുത്തത്. താഴെ നിലയിൽ ഓഫിസും കാത്തിരിപ്പ് കേന്ദ്രവും രണ്ടാം നിലയിൽ റെക്കോഡ്സ് റൂമുമാണ് നിർമിച്ചിട്ടുള്ളത്.
വലിയ രജിസ്റ്ററുകളും രേഖകളും മുകൾ നിലയിൽ എത്തിക്കുന്നതിന് ഡമ്പ്വേറ്റർ സൗകര്യവും ഉണ്ടാക്കും. 1969ൽ നീലേശ്വരം സബ് രജിസ്ട്രാർ ഓഫിസ് വന്നതോടെ മൂന്ന് വില്ലേജുകൾ ആ ഓഫിസിന്റെ പരിധിയിലേക്ക് മാറ്റി. ഏഴ് പഞ്ചായത്തുകളിലെ 12 വില്ലേജുകളിൽ വരുന്ന ഭൂമിയുടെ ക്രയവിക്രയം രജിസ്റ്റർ ചെയ്ത് സൂക്ഷിക്കുന്നത് എസ്.ആർ.ഒയാണ്. മുദ്രയിനത്തിലും രജിസ്ട്രേഷൻ ഫീസ് ഇനത്തിലും കോടിക്കണക്കിന് രൂപയുടെ വരുമാനം ഉണ്ടാക്കുന്ന സ്ഥാപനമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

