കൂട്ടുകാരിക്ക് സൈക്കിൾ സമ്മാനിച്ച് ജുസൈറ
text_fieldsജുസൈറ കൂട്ടുകാരിക്കുള്ള സൈക്കിൾ പ്രഥമാധ്യാപകൻ കെ. രാജേഷ് കുമാറിന് കൈമാറുന്നു
തൃക്കരിപ്പൂർ: പിറന്നാൾ ചെലവുകൾ മാറ്റിവെച്ച് കൂട്ടുകാരിക്ക് സമ്മാനിക്കാൻ പുത്തൻ സൈക്കിളുമായി സ്കൂളിലെത്തി ഫാത്തിമത്ത് ജുസൈറ. ഉദിനൂർ സെൻട്രൽ എ.യു.പി സ്കൂൾ നാലാംതരം വിദ്യാർഥിനി പടന്ന മുസഹാജി മുക്കിലെ ജുസൈറ പിറന്നാളിൽ പിതാവ് പി.സി. ജാസിറിനോട് ആവശ്യപ്പെട്ടത് ഒറ്റക്കാര്യം. ആറാംതരത്തിലെ ഒരു ചേച്ചിക്ക് സൈക്കിൾ വാങ്ങിക്കൊടുക്കണം.
ജീവകാരുണ്യ മേഖലകളിൽ സജീവമായ ജാസിർ മകളുടെ പിറന്നാൾ ആഗ്രഹം നിറവേറ്റുകയായിരുന്നു. ഉദിനൂർ ഗ്രാമത്തിലെ സ്കൂളുകളിൽ കുട്ടികൾ എത്തുന്നത് സൈക്കിളുപയോഗിച്ചാണ്. കഴിഞ്ഞ പിറന്നാളിൽ ജുസൈറക്ക് ഉപയോഗിക്കാൻ സൈക്കിൾ വാങ്ങുമ്പോഴും അവൾ രണ്ടാമതൊന്ന് കൂടി വാങ്ങിപ്പിച്ചിരുന്നു. മറ്റൊരു കൂട്ടുകാരിക്ക് സമ്മാനിക്കാനായിരുന്നു അതെന്ന് പ്രഥമാധ്യാപകൻ കെ. രാജേഷ് കുമാർ ഓർത്തു. ആളുകൾ തന്നിലേക്ക് മാത്രമായി ഒതുങ്ങുന്ന വർത്തമാനകാലത്ത് ജുസൈറയുടെ ഈ പിറന്നാളാഘോഷം വേറിട്ടതായി.രക്ഷിതാവും അധ്യാപകരും ജുസൈറക്ക് പിന്തുണയായുണ്ട്. അധ്യാപകരായ സി. അശ്വിനി, നിഷ, എൻ.വി. അനുഷ, ടി. ബിന്ദു, കെ. രാജീവൻ, മാനേജമെന്റ് പ്രതിനിധി വി.വി. സുനിൽ കുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

