കടൽക്ഷോഭം; വലിയപറമ്പിന് അനുയോജ്യം ചെല്ലാനം മാതൃക
text_fieldsമാവിലാകടപ്പുറം തീരം കടലെടുത്ത നിലയിൽ, കടൽക്ഷോഭം ചെറുക്കാൻ ഉപയോഗിക്കുന്ന ടെട്രാപോഡ്
തൃക്കരിപ്പൂർ: കടലെടുക്കുന്ന തീരം കാക്കാൻ വലിയപറമ്പ ദ്വീപിന് അനുയോജ്യം ടെട്രോപോഡ് ആണെന്ന് വിലയിരുത്തൽ. എറണാകുളം ചെല്ലാനത്ത് ഇത് വിജയകരമായി പരീക്ഷിച്ചു കഴിഞ്ഞിട്ടുണ്ട്. കോൺക്രീറ്റിൽ തീർത്ത നാല് കാലുകളുള്ള വലിയ കട്ടകളാണ് ടെട്രോപോഡുകൾ. ഇവ ഒന്നിനുമുകളിൽ ഒന്നായി ക്രമീകരിക്കുമ്പോൾ തിരമാലകളുടെ ഊർജത്തെ ഘട്ടംഘട്ടമായി കുറക്കാനും വെള്ളം കടൽഭിത്തിക്കുള്ളിലൂടെ ഒഴുകി ആഘാതം ഇല്ലാതാക്കാനും സാധിക്കും.
തീരശോഷണം ഇല്ലാതാക്കാൻ കടൽഭിത്തി നിർമിക്കുന്നതിന് പഠനം നടത്തുകയും സർവേയിൽ ഏതാണ്ട് 300 കോടിയോളം ചെലവ് വരുന്ന പദ്ധതി സർക്കാർ അംഗീകാരത്തിനായി നേരത്തെ സമർപ്പിക്കപ്പെട്ടെങ്കിലും നടപടികൾ ഉണ്ടായില്ല. വർഷങ്ങൾക്ക് മുമ്പ് കടൽ ഭിത്തി നിർമിക്കാൻ വലിയപറമ്പ തീരത്ത് എത്തിച്ച പാറക്കല്ലുകൾ കടലെടുത്ത് പോവുകയായിരുന്നു. കേവലം കടൽ ഭിത്തി കൊണ്ടുമാത്രം തീര രക്ഷ സാധ്യമാകില്ലെന്ന് വ്യക്തമായിരുന്നു. തിരമാല കയറുന്ന മേഖലക്കും കടൽഭിത്തിക്കും ഇടയിൽ ടെട്രോപോഡ് വിരിക്കുന്നതോടെ തീരം സുരക്ഷിതമായതാണ് ചെല്ലാനത്തെ അനുഭവം.
കടൽഭിത്തിക്ക് മുകളിലായി നടപ്പാത നിർമിച്ച് പ്രദേശത്ത് ടൂറിസം സാധ്യതകൾ വർധിപ്പിക്കാനും സാധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഓരോ പ്രദേശത്തിനും അനുയോജ്യമായ പദ്ധതി ആവിഷ്കരിക്കുമെന്ന 2021 ബജറ്റിലെ പ്രഖ്യാപനത്തിൽ പ്രതീക്ഷയർപ്പിച്ച് കഴിയുകയായിരുന്നു വലിയപറമ്പ ദ്വീപ് വാസികൾ. അടുത്തിടെ തീരത്തുണ്ടായ കടൽക്ഷോഭത്തിൽ ധാരാളം നാശനഷ്ടം ഉണ്ടായി. അതീവ ദുർബലമായ തീരമേഖല സംരക്ഷണതത്തിന് 1500 കോടി രൂപയാണ് അന്ന് ബജറ്റിൽ വകയിരുത്തിയത്. കിഫ്ബിയിൽ നിന്നാണ് പണം ലഭ്യമാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

