തീരപരിപാലന നിയമം; തീരത്ത് പ്രതിഷേധത്തിര
text_fieldsവലിയപറമ്പ ദ്വീപിന്റെ ആകാശക്കാഴ്ച
തൃക്കരിപ്പൂർ: തീരപരിപാലന നിയമം കര്‍ക്കശമാക്കിയതോടെ അറബിക്കടലിനും കവ്വായിക്കായലിനും മധ്യേയുള്ള വലിയപറമ്പ ഗ്രാമപഞ്ചായത്തിൽ പ്രക്ഷോഭം ശക്തമാക്കുന്നു. ദ്വീപ് പഞ്ചായത്തായ വലിയപറമ്പിന്റെ ഭൂരിഭാഗവും തീരനിയമത്തിന്റെ പരിധിയില്‍ വരുന്ന പ്രദേശങ്ങളാണ്.
പടന്ന പഞ്ചായത്തിന്റെ കുറെയേറെ ഭാഗങ്ങളും തീരനിയമക്കുരുക്കിലാണ്. പ്രക്ഷോഭത്തിന്റെ ഭാഗമായി പടന്ന, വലിയപറമ്പ പഞ്ചായത്തുകളിൽ 20ന് ജനകീയ ഹർത്താൽ നടത്തും.
തദ്ദേശ സ്ഥാപനങ്ങൾ ഉൾപ്പെട്ട ജനകീയ സമിതിയാണ് പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്നത്. വലിയപറമ്പിൽ മനുഷ്യച്ചങ്ങലയിൽ ആയിരങ്ങൾ കണ്ണിചേരും.
24 കിലോമീറ്റര്‍ ദൈര്‍ഘ്യവും ശരാശരി 800 മീറ്റര്‍ വീതിയുമാണ് വലിയപറമ്പ ദ്വീപിനുള്ളത്. നിയമപ്രകാരം, കടലില്‍ നിന്ന് 200 മീറ്ററും കായലില്‍നിന്ന് 50 മീറ്ററും വിട്ടേ നിര്‍മാണ പ്രവൃത്തികള്‍ നടത്താവൂ. 500 മീറ്ററിനകത്ത് നിര്‍മാണം നടത്താന്‍ സംസ്ഥാനതല അനുമതി വേണം.
കടലിന്റെ വേലിയേറ്റ മേഖലയില്‍നിന്ന് 500 മീറ്റര്‍ വിട്ടു മാത്രമേ നിര്‍മാണം പാടുള്ളൂവെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിൽ നിഷ്കര്‍ഷിക്കുന്നു. ഇത്രയും മേഖല ഒഴിവാക്കിയാലും കായലില്‍നിന്നുള്ള ദൂരപരിധിയില്‍ നിര്‍മാണ പ്രവൃത്തികള്‍ കുടുങ്ങും.
ഇത്തരത്തില്‍ സര്‍ക്കാര്‍ പദ്ധതിയില്‍ പാവങ്ങള്‍ക്കായി പണിയുന്ന വീടുകൾക്കുപോലും അനുമതി നല്‍കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കഴിയില്ല. ഓരോ അപേക്ഷയും പരിഗണിക്കാൻ സി.ആർ.ഇസെഡിന്റെ തിരുവനന്തപുരത്തെ സംസ്ഥാന സമിതിയിൽ പരിഗണനക്കായി വിടേണ്ടി വരുന്നു. ചെറുവീടുകൾക്ക് അടുത്ത നാളുകളായി അനുമതി ലഭിക്കുന്നുണ്ട്.
കെട്ടിട നിര്‍മാണത്തിനുള്ള അപേക്ഷകള്‍ ഭൂരിഭാഗവും തീരനിയമത്തില്‍ കുരുങ്ങിക്കിടപ്പാണ്. അതേസമയം, തീരനിയമത്തിലെ പ്രത്യേക ദ്വീപ് പദവി ലഭിച്ചാല്‍ വലിയപറമ്പ നിയമക്കുരുക്കില്‍നിന്ന് രക്ഷപ്പെട്ടേക്കും. നിലവില്‍ അന്തമാൻ നികോബാര്‍, ലക്ഷദ്വീപ് എന്നിവയാണ് തീര നിയമത്തിന്റെ പരിധിയില്‍നിന്ന് വേറിട്ട ദ്വീപ് സംരക്ഷണ വിജ്ഞാപനത്തിൽ വരുന്നത്.
പടന്നയിൽ തീരവലയം തീർക്കും
പടന്ന: തീരദേശ നിയമത്തിൽ ഇളവ് ലഭിക്കാത്ത പടന്ന പഞ്ചായത്തും പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നു. ഇതിന്റെ ഭാഗമായി ആക്ഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 20 ന് വൈകീട്ട് 3.30 ന് തെക്കെക്കാട് ബണ്ട്, പടന്ന തീരദേശ റോഡിൽ തീരവലയം തീർക്കും.
തീരവലയത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പി, എം.രാജഗോപാലൻ എം.എൽ.എ തുടങ്ങിയ ജനപ്രതിനിധികളും പങ്കെടുക്കും. സി.ഡി.എസ് അംഗങ്ങൾ , ഹരിതകർമ സേനാംഗങ്ങൾ, ക്ലബ് സന്നദ്ധ പ്രതിനിധികൾ എന്നിവരുടെ യോഗം ചേർന്നു. ആക്ഷൻ കമ്മിറ്റി ചെയർമാൻ പി.വി. മുഹമ്മദ് അസ്‍ലം അധ്യക്ഷത വഹിച്ചു.
തീരവലയം വിജയിപ്പിക്കാൻ അയൽക്കൂട്ട തലത്തിൽ സ്പെഷൽ യോഗം വിളിക്കാനും വാർഡ് തല ഗൃഹസന്ദർശനം നടത്താനും തീരുമാനിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ബുഷ്റ, ബ്ലോക്ക് ചെയർമാൻ എം. സുമേഷ്, സ്ഥിരംസമിതി ചെയർമാന്മാരായ ടി.കെ.പി. ഷാഹിദ, പി.വി. അനിൽ കുമാർ, അംഗം പി. പവിത്രൻ, അസി. സെക്രട്ടറി അജയൻ, സി.ഡി.എസ് ചെയർപേഴ്സൻ സി. റീന, സി. കുഞ്ഞികൃഷ്ണൻ, കെ.വി. ജ്യതീന്ദ്രൻ തുടങ്ങിയർ സംസാരിച്ചു. ടി.പി. കുഞ്ഞബ്ദുല്ല സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

