മിന്നും പ്രകടനവുമായി സബ് ജൂനിയർ ഫുട്ബാൾ കിരീടം കാസർകോട്ട്
text_fieldsമുഹമ്മദ് മിർസാദ് (മികച്ച ഗോൾ കീപ്പർ), ഓയ് നാംറോഷൻ സിങ് (മാൻ ഓഫ് ദ മാച്ച്)
തൃക്കരിപ്പൂർ: കാസർകോടിന്റെ ഗോൾവല ടീമിന്റെ ഉപനായകൻ കൂടിയായ മിർസാദിന്റെ കൈകളിൽ ഭദ്രമായിരുന്നു. ഒരുവർഷത്തെ ഇടവേളക്ക് ശേഷം സബ് ജൂനിയർ ഫുട്ബാൾ കിരീടം ജില്ലയിലേക്ക് തിരികെയെത്തുമ്പോൾ ഫുട്ബാൾ പ്രതീക്ഷകളും വാനോളം. മലപ്പുറത്തിനെതിരെ മധ്യനിരയിൽ കളിച്ച മണിപ്പൂരുകാരൻ ഓയ് നാംറോഷൻ സിങ് നേടിയ ഏക ഗോളിലൂടെയാണ് കാസർകോട് കപ്പിൽ മുത്തമിട്ടത്. സെമിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച കൊടക്കാട് കേളപ്പജി ഹൈസ്കൂളിലെ എട്ടാംതരം വിദ്യാർഥി ഓയ് നാംറോഷൻ സിങ് ഹാട്രിക് നേടിയിരുന്നു. ഫൈനലിലെ മാൻ ഓഫ് ദ മാച്ച് ട്രോഫിയുമായാണ് മടക്കം.
ഗോൾ രഹിത സമനിലയിലായിരുന്ന ആദ്യപകുതിക്ക് ശേഷം കോച്ച് എ.ജി.സി ഹംലാദ് ആസൂത്രണം ചെയ്ത ഗെയിം പ്ലാൻ വിജയകരമായി. ടൂർണമെൻറിൽ ഏറ്റവും കുറവ് ഗോൾ- മൂന്നു മാത്രം വഴങ്ങിയ കാസർകോടിന്റെ വല കാത്ത എൻ. മുഹമ്മദ് മിർസാദ് ചാമ്പ്യൻഷിപ്പിലെ മികച്ച ഗോൾ കീപ്പർക്കുള്ള അംഗീകാരം കൂടി നേടിയാണ് മികവ് തെളിയിച്ചത്.
തൃക്കരിപ്പൂർ വെള്ളാപ്പിലെ സി.എച്ച്. അബ്ദുൽ മജീദ് - എൻ. സുനീറ ദമ്പതിമാരുടെ മകനാണ് മിർസാദ്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ മലപ്പുറത്തിന്റെ ഗോൾ മുന്നേറ്റങ്ങൾ കാസർകോടിന്റെ പ്രതിരോധത്തിൽ ഇല്ലാതായി. ക്യാപ്റ്റൻ കെ. അഭയിന്റെ നേതൃത്വത്തിലായിരുന്നു പ്രതിരോധം തീർത്തത്. ടീമിന് ജില്ല ഫുട്ബാൾ അസോസിയേഷൻ ഊഷ്മള സ്വീകരണം നൽകി. ഭാരവാഹികളായ വീരമണി ചെറുവത്തൂർ, ടി.കെ.എം. റഫീഖ്, സിനിമാതാരം പി.പി. കുഞ്ഞികൃഷ്ണൻ തുടങ്ങിയവർ റെയിൽവേ സ്റ്റേഷനിൽ സ്വീകരിക്കാനെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

