തൃക്കരിപ്പൂർ: മത്സരരംഗത്ത് സ്വന്തം സ്ഥാനാർഥികൾ ആരുമില്ലെങ്കിലും വോട്ടുചെയ്യാൻ ആഹ്വാനവുമായി ഒരുകൂട്ടം യുവാക്കൾ സൈക്കിൾ റാലി നടത്തിയത് വേറിട്ട കാഴ്ചയായി. കാസർകോട് പെഡലേഴ്സ് നേതൃത്വത്തിൽ തൃക്കരിപ്പൂർ മുതൽ കാസർകോട് വരെയാണ് വോട്ട് ബോധവത്കരണ സൈക്കിൾ റാലി സംഘടിപ്പിച്ചത്.
ആർക്ക് വോട്ട് ചെയ്യണം, എന്തിന് വോട്ട് ചെയ്യണം എന്നൊക്കെയുള്ള അരാഷ്ട്രീയ സമീപനങ്ങൾ തിരുത്തുന്നതിന് കൂടിയാണ് സൈക്കിൾ റാലി സംഘടിപ്പിച്ചത്.
ആർക്കായാലും വോട്ട് ചെയ്യൂ എന്നുള്ള സന്ദേശമാണ് പ്ലക്കാർഡുകളിൽ പ്രദർശിപ്പിച്ചത്. തൃക്കരിപ്പൂരിൽനിന്ന് പടന്ന തീരദേശ റോഡിലൂടെ നീങ്ങിയ റാലി നീലേശ്വരത്തുനിന്ന് ദേശീയ പാതയിലേക്ക് നീങ്ങി.
കൊട്രച്ചാൽ തീരദേശ പാതയിൽ പ്രചാരണത്തിലായിരുന്ന സ്ഥാനാർഥികൾ സൈക്കിൾ റാലി കണ്ടതോടെ ഒന്നുകൂടി ഉഷാറായി. കാഞ്ഞങ്ങാട് ആനന്ദാശ്രമം പരിസരത്തുകൂടി നഗരത്തിലേക്ക് കടന്നു.
വഴിയിലുടനീളം വോട്ടർമാർ റാലിയെ കൗതുകപൂർവമാണ് സ്വീകരിച്ചത്. തുടർന്ന് കെ.എസ്.ടി.പി റോഡിലൂടെയാണ് റാലി തുടർന്നത്.
തൃക്കരിപ്പൂരിൽ പെഡലേഴ്സ് വൈസ് പ്രസിഡൻറ് ബാബു മയൂരി ഫ്ലാഗ്ഓഫ് ചെയ്തു. സെക്രട്ടറി സുനീഷ്, എക്സിക്യൂട്ടിവ് അംഗങ്ങളായ ടി.എം.സി. ഇബ്രാഹിം, മുഹമ്മദ് താജ്, അഡ്വ. ഷാജിദ് കമ്മാടം എന്നിവർ സംസാരിച്ചു. രാകേഷ് തീർഥങ്കര, സി.എച്ച്. മുഹമ്മദ് ഇഖ്ബാൽ, മുഹമ്മദലി കുനിമ്മൽ തുടങ്ങിയവർ നേതൃത്വം നൽകി.