തൃക്കരിപ്പൂർ താലൂക്കാശുപത്രിയിൽ ഗൈനക്കോളജിസ്റ്റില്ല
text_fieldsതൃക്കരിപ്പൂർ: തൃക്കരിപ്പൂർ താലൂക്കാശുപത്രിയിൽ ഡോക്ടർ സ്ഥലംമാറിപ്പോയ ഒഴിവിൽ ഒരുമാസം പിന്നിട്ടിട്ടും ഗൈനക്കോളജിസ്റ്റിനെ നിയമിച്ചില്ല. കോവിഡ് നിയന്ത്രണങ്ങൾ മൂലം തൊട്ടടുത്ത നഗരത്തിൽ എത്താൻ തടസ്സങ്ങളുള്ള സാഹചര്യത്തിലാണ് ഗർഭിണികൾക്ക് ചികിത്സ ലഭിക്കാത്തത്.
കഴിഞ്ഞ മാസം ഏഴിനാണ് അസി.സർജൻ തസ്തികയിൽ ഇവിടെയുണ്ടായിരുന്ന ഗൈനക്കോളജിസ്റ്റ് പയ്യന്നൂർ ജനറൽ ആശുപത്രിയിലേക്ക് സ്ഥലംമാറിപ്പോയത്. നിലവിൽ അഞ്ചു ഡോക്ടർമാരാണ് ആശുപത്രിയിലുള്ളത്. മൂന്ന് അസി.സർജന്മാരും ദന്ത, അസ്ഥിരോഗ വിഭാഗങ്ങളിൽ ഓരോ ഡോക്ടർമാരുമാണുള്ളത്. അസി.സർജന്മാരിൽ ഒരാൾ ഓലാട്ട് ആരോഗ്യ കേന്ദ്രത്തിൽ അധിക ചുമതലയിലാണ്.
ഇതോടെ ഒ.പിയിൽ രോഗികളുടെ തിരക്കനുഭവപ്പെടുന്നുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ രോഗികളെ അഡ്മിറ്റ് ചെയ്യുന്നത് നന്നേ കുറവാണ്. സ്പെഷലിസ്റ്റ് ഡോക്ടർമാർക്ക് കോവിഡ് സ്വാബ് ചുമതല കിട്ടുമ്പോൾ പിന്നെയും ഡോക്ടർമാരുടെ എണ്ണം കുറയുന്നു. അടുത്തിടെയായി, ഇതര ജീവനക്കാർക്കും ഫസ്റ്റ് ലൈൻ സെൻററുകളിൽ ചുമതല നൽകുന്നുണ്ട്.
ആശുപത്രി പ്രവർത്തനത്തെ ഇതും ബാധിക്കുന്നു. മാതൃ ശിശു സംരക്ഷണത്തിനായി ലക്ഷ്യ എന്ന പേരിൽ പ്രത്യേക കെട്ടിടസൗകര്യം താലൂക്കാശുപത്രിയിൽ ഒരുങ്ങുകയാണ്. നിലവിലുള്ള സ്ത്രീരോഗ വിദഗ്ധൻ പോയതോടെ പുതിയ ആളെ നിയമിക്കാനുള്ള ഒരുനീക്കവും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.