വിനോദസഞ്ചാര മേഖല ഉണരട്ടെ; സൈക്കിൾ ചവിട്ടി പ്രവാസികൾ
text_fieldsപ്രവാസികളുടെ കേരള സൈക്കിൾ യാത്രയിൽ പങ്കെടുത്ത അംഗങ്ങൾ
തൃക്കരിപ്പൂർ: കോവിഡ് അടച്ചിടലിനെ തുടർന്ന് പ്രതിസന്ധിയിലായ വിനോദസഞ്ചാര മേഖലക്ക് കരുത്തേകാൻ പ്രവാസികൾ നയിച്ച കേരള സൈക്കിൾ യാത്ര സമാപിച്ചു. ഈ മാസം നാലിന് തിരുവനന്തപുരത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്ത യാത്ര വിവിധ ജില്ലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് ഒമ്പതാം നാളിൽ ബേക്കൽ കോട്ടയിൽ സമാപിച്ചു.
ദുബൈയിലെ സൈക്ലിങ് കൂട്ടായ്മയായ ഡി.എക്സ്.ബി റൈഡേഴ്സ് അംഗങ്ങളായ സലീം വലിയപറമ്പ, ഫൈസൽ കോടനാട്, സലാഹ് ആനപ്പടിക്കൽ, അബ്ദുൽ സലാം മലപ്പുറം, അൻവർ തൃശൂർ, നൗഫൽ എറണാകുളം, നൗഫൽ കണ്ണൂർ എന്നിവർക്കൊപ്പം നാട്ടിൽ നിന്നുള്ള സാഹിർ അബ്ദുൽ ജബ്ബാർ, ശാഹുൽ ബോസ്ഖ്, നസീഫ് അലി, റിയാസ് കൊങ്ങത്ത് എന്നിവരും പങ്കാളികളായി.
തിരുവനന്തപുരത്തുനിന്ന് പൊന്മുടി, തെന്മല, ആലപ്പുഴ, കുമരകം, മൂന്നാർ, അതിരപ്പിള്ളി, ഗുരുവായൂർ, പൊന്നാനി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് പാതയിലാണ് 1117 കിലോമീറ്റർ ദൂരം പിന്നിട്ടത്. മലനാടും ഇടനാടും തീരദേശവും പിന്നിട്ട യാത്ര അനുഭവങ്ങളുടെ ചെപ്പാണ് തുറന്നതെന്ന് റൈഡ് ക്യാപ്റ്റൻ സലീം വലിയപറമ്പ പറഞ്ഞു. ജില്ലാതിർത്തിയിൽ തൃക്കരിപ്പൂർ സൈക്ലിങ് ക്ലബിെന്റ നേതൃത്വത്തിലും കാസർകോട് പെഡലേഴ്സിെൻറ പ്രവർത്തകർ കാഞ്ഞങ്ങാട്ടും സ്വീകരണം നൽകി.