തീരദേശ റോഡിലെ വളവിൽ അപകട ഭീഷണി; നികത്തണമെന്ന് ആവശ്യം
text_fieldsതൃക്കരിപ്പൂർ: മെക്കാഡം പ്രവൃത്തി തുടങ്ങിയ വെള്ളാപ്പ്-കൈക്കോട്ടുകടവ് പൊതുമരാമത്ത് റോഡിൽ കൈക്കോട്ടുകടവിനും വയലോടി പാലത്തിനും ഇടയിലെ ‘എസ്’ വളവുകൾ അപകട ഭീഷണി ഉയർത്തുന്നു.
കൈക്കോട്ടുകടവ് പൂക്കോയ തങ്ങൾ ഹയർ സെക്കൻഡറി സ്‌കൂളിലേക്കുള്ള നൂറുകണക്കിന് കുട്ടികൾ ഉൾപ്പെടെ ഉപയോഗിക്കുന്ന പ്രധാന റോഡിലാണ് ഏത് സമയവും അപകടം ഉണ്ടാകാനിടയുള്ള വലിയ വളവുകൾ ഉള്ളത്. ഈ വളവുകൾ നേരെയാക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകൻ നൽകിയ നിവേദനത്തിന് അനുകൂല പ്രതികരണമാണുണ്ടായത്. വളവുകളുടെ പടിഞ്ഞാറുഭാഗത്തെ സ്ഥലം പഞ്ചായത്ത് വിട്ടുതരുകയാണെങ്കിൽ റോഡിലെ വളവുകൾ മാറ്റാൻ പി.ഡബ്ല്യൂ.ഡി തയാറെന്നാണ് അവരുടെ നിലപാട്.
ആരുടെയും കൈവശമല്ലാത്തതും മറ്റു പറമ്പുമായി ചേർന്നുനിൽക്കാത്തതുമായ ഭൂമിയാണ് ഈ പ്രദേശത്ത് റോഡിന്റെ പടിഞ്ഞാറു ഭാഗത്തുള്ളത്. പഞ്ചായത്ത് അധീനതയിൽ വരുന്ന പുഴയുടെ കരഭാഗമാണ് ഏറിയപങ്കും. പഞ്ചായത്ത് അനുവദിച്ചാൽ റോഡിന്റെ അലൈൻമെന്റ് മാറ്റി രണ്ടു വലിയ വളവുകൾ ഒഴിവാക്കി മെക്കാഡം റോഡ് നിർമിക്കാൻ സാധിക്കുമെന്നാണ് വകുപ്പിന്റെ വിശദീകരണം.
മെക്കാഡം പ്രവൃത്തി പൂർത്തിയാവുന്നതോടെ തീരദേശക്കാർ ഉപയോഗിക്കുന്ന പ്രധാന റോഡായി വെള്ളാപ്പ്-കൈകൊട്ടുകടവ്-ഉടുമ്പുന്തല റോഡ് മാറും. ഇപ്പോൾത്തന്നെ ബസ് റൂട്ടുള്ള ഈ മേഖലയിൽ കൂടുതൽ ട്രാഫിക്കും വലിയ വാഹനങ്ങൾ ഉൾപ്പെടെ ധാരാളം വണ്ടികൾ കടന്നുപോകാനും ഇടയാകും. ഇതൊക്കെ മുന്നിൽക്കണ്ട് അപകടവളവുകൾ നേരെയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

