തൃക്കരിപ്പൂർ ടൗണിൽ പോത്തിന്റെ പരാക്രമം; രണ്ടുപേർക്ക് പരിക്ക്
text_fieldsതൃക്കരിപ്പൂർ ടൗണിൽ പോത്തിന്റെ പരാക്രമത്തിൽ പരിക്കേറ്റവർക്ക് ചികിത്സ നൽകുന്നു
തൃക്കരിപ്പൂർ: ടൗണിൽ പോത്തിന്റെ പരാക്രമത്തിൽ രണ്ടുപേർക്ക് പരിക്ക്. പോത്തിന്റെ കുത്തേറ്റ പരിക്കുകളോടെ ബീരിച്ചേരിയിലെ അഷ്റഫ് (26), നടക്കാവിലെ രാജു (30) എന്നിവരെ തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെട്ടമ്മൽ ഭാഗത്തുനിന്ന് വിരണ്ടോടിയ പോത്ത് ബീരിച്ചേരി വഴി തൃക്കരിപ്പൂർ ടൗണിൽ നെഹ്റു പ്രതിമക്ക് സമീപം നിർത്തിയിട്ടിരുന്ന ബൈക്കുകളും സൈക്കിളും തള്ളി താഴെയിട്ടു.
ശനിയാഴ്ച വൈകീട്ട് എഴോടെയാണ് സംഭവം. പോത്തിനെ കയറിട്ട് നിയന്ത്രിക്കാനുള്ള ശ്രമത്തിനിടെ വീണ്ടും കുതറിയോടി. തൃക്കരിപ്പൂർ ഗവ. ഹൈസ്കൂളിന്റെ മതിലിന്റെ ഒരുഭാഗം തള്ളിയിട്ടു. ഇതിനിടയിൽ പൊലീസും അഗ്നി രക്ഷാസേനയും സ്ഥലത്തെത്തി. ഒടുവിൽ സ്റ്റേറ്റ് ബാങ്ക് പരിസരത്താണ് പോത്തിനെ തളച്ചത്. ഉടമസ്ഥൻ പിന്നാലെയെത്തി പോത്തിനെ കൊണ്ടുപോയി.

