യുവാവിനെ മർദിച്ചതായി പരാതി
text_fieldsസൂറൂർ റഹ്മാൻ
തൃക്കരിപ്പൂർ: യുവാവിനെ കാറിടിച്ച് അപകടപ്പെടുത്തുകയും മർദിച്ച് കണ്ണിന് പരിക്കേൽപ്പിക്കുകയും ചെയ്തതായി ബന്ധുക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പടന്ന എടച്ചാക്കൈ സ്വദേശി വി.കെ. സുറൂർ റഹ്മാനാണ് പരാതിക്കാരൻ. തീരദേശ പാതയിൽ അഴീക്കലിൽ വെച്ച് ഒരു സംഘം തന്റെ വാഹനത്തിൽ ഇടിക്കുകയും തടഞ്ഞുനിർത്തി മർദിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പറയുന്നു.
സംഭവത്തിൽ കണ്ണിന് ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഭീഷണിയുമായി ആശുപത്രിയിൽ ഇതേ അക്രമിസംഘം എത്തിയത്. സംഘത്തിലെ മുഴുവൻ പേരെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് പരിക്കേറ്റ പടന്ന എടച്ചാക്കൈ സ്വദേശിയായ യുവാവും കുടുംബാംഗങ്ങളും ആവശ്യപ്പെട്ടു. സുഹൃത്തുക്കൾക്കൊപ്പം പയ്യന്നൂരിലേക്കുള്ള യാത്ര മധ്യേയാണ് ആക്രമിക്കപ്പെട്ടത്. നാല് പേരടങ്ങിയ സംഘം കല്ല് കൊണ്ടിടിക്കുകയും കാറിലെ സീറ്റ് ബെൽറ്റ് മുറുക്കി കൊല്ലാൻ ശ്രമിക്കുകയും ചെയ്തു.
കല്ല് കൊണ്ടുള്ള അടിയേറ്റ് ഇടതുകണ്ണിന് ഗുരുതര പരിക്ക് പറ്റി. ചന്തേര പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. വാർത്ത സമ്മേളനത്തിൽ കുടുംബാംഗങ്ങളായ വി.കെ. ഹനീഫ ഹാജി, വി.കെ. ഖാലിദ്, വി.കെ. ഇബ്രാഹിം കുട്ടി, വി.കെ. കാത്തീം എന്നിവർ പങ്കെടുത്തു.

