തൃക്കരിപ്പൂർ: തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ സി.ഡി.എസിെൻറ ആഭിമുഖ്യത്തിൽ കുടുംബശ്രീ വനിതകൾ നടത്തുന്ന നൂതന സംരംഭമായ സിറ്റിസൺ ഇൻഫർമേഷൻ ബോർഡ് പദ്ധതിക്ക് തുടക്കമായി. സ്ത്രീ ശാക്തീകരണത്തിെൻറ ഭാഗമായി കുടുംബശ്രീ യൂനിറ്റുകളെ സ്വയം സംരംഭങ്ങൾക്ക് പ്രാപ്തരാക്കുന്ന പദ്ധതിയാണിത്.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പ്രവൃത്തി ചെയ്യുന്ന സ്ഥലങ്ങളിൽ സ്ഥാപിക്കാനുള്ള സൈറ്റ് ബോർഡുകൾ ഈ സംരംഭം വഴി നിർമിക്കും. നാലു മുതൽ 20 വനിതകൾ പങ്കാളികളാകുന്ന പദ്ധതിയുടെ പരിശീലന പരിപാടികൾ കുടുംബശ്രീ ജില്ല മിഷെൻറ നേതൃത്വത്തിൽ നൽകിക്കഴിഞ്ഞു.
പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിലെ ഉളിയം മാവിലങ്ങാട് കോളനിയിൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശാന്തമ്മ ഫിലിപ്പ് നിർവഹിച്ചു.
തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.പി. ഫൗസിയ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം പി.വി. പത്മജ, ബ്ലോക്ക് പഞ്ചായത്തംഗം സി. രവി, പഞ്ചായത്തംഗം എം.വി. അനിത, കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർ ടി.ടി. സുരേന്ദ്രൻ, തൊഴിലുറപ്പ് എൻജിനീയർ സൻബക് ഹസീന, സി.ഡി.എസ് ചെയർപേഴ്‌സൻ സി. ചന്ദ്രമതി, കെ.വി. കോമളവല്ലി സംബന്ധിച്ചു.