നടക്കാവ് മൾട്ടി പർപസ് സ്റ്റേഡിയം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു
text_fieldsതൃക്കരിപ്പൂർ നടക്കാവിൽ നിർമിച്ച അത്യാധുനിക മൾട്ടി പർപസ് ഇൻഡോർ സ്റ്റേഡിയം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു
തൃക്കരിപ്പൂർ: സംസ്ഥാന കായികവകുപ്പ് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി തൃക്കരിപ്പൂർ നടക്കാവിൽ നിർമിച്ച അത്യാധുനിക മൾട്ടി പർപസ് ഇൻഡോർ സ്റ്റേഡിയം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. കിഫ്ബി ഫണ്ടിൽനിന്ന് 31.53 കോടി രൂപ വിനിയോഗിച്ചാണ് സ്റ്റേഡിയത്തിന്റെ നിർമാണം പൂർത്തീകരിച്ചത്. കായിക-യുവജനകാര്യ മന്ത്രി വി. അബ്ദുറഹിമാൻ അധ്യക്ഷതവഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം, കലക്ടർ കെ. ഇമ്പശേഖർ, പൊലീസ് മേധാവി വിജയ് ഭാരത് റെഡ്ഡി എന്നിവർ മുഖ്യാതിഥികളായി.
വി.വി. രമേശൻ, സി.എം. മീനാകുമാരി, സാജിത സഫറുല്ല, ഇ. കുഞ്ഞിരാമൻ, പി.സി. സുബൈദ, എം. മനു, പി. സനൽ തുടങ്ങിയവർ പങ്കെടുത്തു. എം. രാജഗോപാലൻ എം.എൽ.എ സ്വാഗതവും കായിക യുവജനകാര്യ വകുപ്പ് അഡീഷനൽ ഡയറക്ടർ ഡോ. സി.എസ്. പ്രദീപ് നന്ദിയും പറഞ്ഞു. സ്പോർട്സ് കേരള ഫൗണ്ടേഷൻ ചീഫ് എൻജിനീയർ പി.കെ. അനിൽകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. സ്പോർട്സ് കിറ്റുകളുടെ വിതരണം മന്ത്രി അബ്ദുറഹിമാൻ നിർവഹിച്ചു.
ഏത് പ്രതികൂല കാലാവസ്ഥയിലും ദേശീയതല മത്സരങ്ങൾവരെ സംഘടിപ്പിക്കാൻ പാകത്തിൽ സജ്ജീകരിച്ചിട്ടുള്ള എം.ആർ.സി കൃഷ്ണൻ സ്മാരക മൾട്ടി പർപസ് ഇൻഡോർ സ്റ്റേഡിയമാണ് ഈ പദ്ധതിയുടെ പ്രധാന ആകർഷണം. ബാഡ്മിന്റൺ, ബാസ്കറ്റ്ബാൾ, ടെന്നിസ്, ടേബിൾ ടെന്നിസ് തുടങ്ങിയ മത്സരങ്ങൾക്കുള്ള അത്യാധുനിക കോർട്ടുകളും ഇവിടെ സജ്ജമാണ്. ഇതിനുപുറമെ കബഡി കോർട്ടും സ്പ്രിംഗ്ളർ സംവിധാനത്തോടുകൂടിയ സെവൻസ് നാചുറൽ ഗ്രാസ് ഫുട്ബാൾ കോർട്ടും ജില്ലയിലെ ആദ്യത്തെ സെമി ഒളിമ്പിക് നീന്തൽക്കുളവും ഈ സമുച്ചയത്തെ വേറിട്ടുനിർത്തുന്നു. ആയിരക്കണക്കിന് കാണികൾക്ക് ഒരേസമയം ഇരുന്ന് കളി കാണാവുന്ന ഗാലറിയോടുകൂടിയ മൂന്നുനില പവിലിയൻ മന്ദിരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കളിക്കാർക്കും ഒഫീഷ്യൽസിനും സാങ്കേതിക വിദഗ്ധർക്കുമായി പ്രത്യേകം മുറികൾ, വി.ഐ.പി ലോഞ്ച്, മീഡിയ റൂം, ഫെഡറേഷൻ ലോഞ്ച് എന്നിവയും കെട്ടിടത്തിലുണ്ട്. ഷോപ്പിങ് മാൾ, വിപുലമായ പാർക്കിങ് സൗകര്യം, സമാന്തര റോഡ് എന്നിവ കൂടി ഉൾപ്പെടുത്തി സമ്പൂർണമായ ഒരു സ്പോർട്സ് ഹബ്ബായാണ് ഈ സ്റ്റേഡിയം വിഭാവനം ചെയ്തിരിക്കുന്നത്. കിറ്റ്കോ ലിമിറ്റഡാണ് അത്യാധുനികരീതിയിലുള്ള നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

