14 വയസ്സിനിടെ 13 പുസ്തകങ്ങൾ; പ്രചോദനമായി കുഞ്ഞെഴുത്തുകാരിയുടെ വാക്കുകൾ
text_fieldsസിനാഷ
തൃക്കരിപ്പൂർ: 14 വയസ്സ് തികയുന്നതിനിടയിൽ ഇംഗ്ലീഷിലും മലയാളത്തിലുമായി 13 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച ബാലസാഹിത്യ പ്രതിഭയുടെ വാക്കുകൾ കുരുന്നുകൾക്ക് ആവേശമായി. കുഞ്ഞെഴുത്തുകാരി സിനാഷയാണ് മാവിലാകടപ്പുറം ഗവ.എൽ.പി സ്‌കൂൾ സാഹിത്യവേദി ഉദ്ഘാടകയായി എത്തിയത്. വായന തനിക്ക് ഒരിക്കലും മടുപ്പ് ഉണ്ടാക്കിയിട്ടില്ലെന്നും പുസ്തകങ്ങൾ വായിച്ചതിലൂടെ ഒട്ടേറെ ജീവിതങ്ങളിലൂടെ കടന്നുപോകാനായെന്നും സിനാഷ പറഞ്ഞു. റഷ്യൻ നാടോടിക്കഥകളിലൂടെ വായന ആരംഭിച്ച താൻ ഇപ്പോൾ എല്ലാത്തരം പുസ്തകങ്ങളും വായിക്കുന്നുണ്ടെന്നും വായനയെ ഒരു വിഭാഗത്തിലേക്ക് മാത്രമായി ഒരിക്കലും ചുരുക്കരുതെന്നും സിനാഷ തുടർന്നു. പുസ്തകങ്ങളിൽ വരക്കുന്നതും കവർ ചിത്രം തയാറാക്കുന്നതും സിനാഷയാണ്.
വായിച്ച പുസ്തകങ്ങളുടെ പേരുകൾ ചേർത്തൊരു വായനമരം വീട്ടുചുമരിൽ വളർത്തുന്നുണ്ട് ഈ എഴുത്തുകാരി. മാവിലാക്കടപ്പുറം ഗവ.എൽ.പി സ്കൂളിൽ വായന വീട് പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന കുട്ടികളുടെ സാഹിത്യ വേദി 'കണ്ണാടി'യുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു സിനാഷ. മാധവിക്കുട്ടിയുടെ നെയ്പായസം എന്ന കഥ അവതരിപ്പിച്ചുകൊണ്ട് പാടിക്കീൽ യു.പി സ്കൂൾ അധ്യാപകൻ വി.വി. മാധവൻ സംസാരിച്ചു. കുട്ടികൾ കഥയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ പങ്കുവെച്ചു. രണ്ടാഴ്ചയിലൊരിക്കൽ ഇത്തരത്തിലുള്ള സാഹിത്യ സദസ്സുകൾ സംഘടിപ്പിക്കും. ഹെഡ്മാസ്റ്റർ എ.ജി. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. എം. രാജേഷ് പദ്ധതി വിശദീകരിച്ചു. എം.കെ. ആയിഷ സ്വാഗതവും ഫാത്തിമത്ത് റബീഹ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

