തൃക്കരിപ്പൂർ: വീട്ടിലെത്താൻ വാഹനം കിട്ടാതെ പ്രയാസപ്പെടുന്ന കോവിഡ് രോഗികൾക്ക് അലിഫിെൻറ ആംബുലൻസ് തുണയാകും. ലാഭേച്ഛയില്ലാതെ രോഗികൾക്ക് സേവനം നൽകിവരുന്ന കൈക്കോട്ടുകടവ് അലിഫ് സാംസ്കാരിക കൂട്ടായ്മയുടെ കെ.പി. അബ്ദുൽറഹിമാൻ ഹാജി സ്മാരക ആംബുലൻസാണ് തൃക്കരിപ്പൂർ താലൂക്കാശുപത്രിയിൽ സേവനനിരതമായത്.
താലൂക്ക് ആശുപത്രിയിൽ കോവിഡ് പരിശോധന കഴിഞ്ഞ് പോസിറ്റിവ് ആയാൽ വീട്ടിലേക്ക് പോകാൻ വാഹനങ്ങൾ ലഭിക്കാത്ത അവസ്ഥയായിരുന്നു.
ഇതിന് പരിഹാരമെന്നോണം മെഡിക്കൽ ഓഫിസർ അലിഫ് ഭാരവാഹികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രശ്ന പരിഹാരമാവുകയായിരുന്നു. രോഗികളെ സഹായിക്കാൻ അലിഫ് ആംബുലൻസ് ടെസ്റ്റ് ദിവസങ്ങളിൽ ആശുപത്രി പരിസരത്ത് സജ്ജമാക്കും. ബന്ധപ്പെട്ട രേഖകൾ മെഡിക്കൽ ഓഫിസർ ഡോ. ദിജിനക്ക് അലിഫ് കൺവീനർ യു. മുഹമ്മദ് ഫൗസു സമർപ്പിച്ചു.
ചടങ്ങിൽ എൻ. അബ്ദുല്ല, അലിഫ്, കുവൈത്ത് പ്രതിനിധി അർഷാദ് കടവത്ത്, ജെ.എച്ച്.ഐ സജിത, സ്റ്റാഫ് നഴ്‌സ് ജിനിഷ, അസി. മീന, ഐ.സി.ഡി.എൽ കൗൺസിലർ സ്നേഹ എന്നിവർ സംബന്ധിച്ചു.