യുവനേതാക്കൾക്ക് നടപടി; ലീഗ് ഓഫിസിൽ കരിങ്കൊടി
text_fieldsബീരിച്ചേരി മുസ്‌ലിം ലീഗ് ഓഫിസിൽ കരിങ്കൊടിയുയർത്തിയനിലയിൽ
തൃക്കരിപ്പൂർ: പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷസ്ഥാനവുമായി ബന്ധപ്പെട്ട വിവാദത്തിൽ യൂത്ത് ലീഗ് നേതാക്കൾക്കെതിരെ അച്ചടക്കനടപടി. പ്രവർത്തകർക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയും ഓഫിസ് പൂട്ടിയിടുകയും ചെയ്തതിൽ യൂത്ത് ലീഗ് തൃക്കരിപ്പൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എൻ. മെഹബൂബിനെയും സെക്രട്ടറി വി.പി. സഫീറിനെയും ചുമതലയിൽനിന്ന് സസ്പെൻഡ് ചെയ്തതായി പഞ്ചായത്ത് നേതൃത്വം അറിയിച്ചു.
പകരം ശാക്കിർ തങ്കയം, പി.പി. ഷഹബാസ് എന്നിവർക്കാണ് ചുമതല. നേതൃസമിതി ധാരണ മറികടന്ന് തീരുമാനം കൈക്കൊണ്ടത് തിരുത്തിക്കാനാണ് യൂത്ത് ലീഗ് പ്രവർത്തകർ ഓഫിസ് പൂട്ടിയിട്ടത്. തൃക്കരിപ്പൂർ ടൗൺ വാർഡ് മെംബർ ഫായിസ് ബീരിച്ചേരിയെ ചെയർമാനാക്കുന്നതിൽനിന്ന് നേതൃത്വം പിന്നാക്കംപോയതാണ് പ്രതിഷേധത്തിനിടയാക്കിയത്. മൂന്ന് ചെയർമാൻസ്ഥാനങ്ങളിൽ രണ്ടെണ്ണം ലീഗിനും ഒന്ന് കോൺഗ്രസിനുമാണ്.
ക്ഷേമകാര്യം ഫായിസിന് നൽകണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. അതിനിടെ മുസ്‌ലിം ലീഗിന്റെ ബീരിച്ചേരി ശാഖ ഓഫിസിന് മുകളിൽ പ്രവർത്തകർ കരിങ്കൊടി ഉയർത്തിയിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ പ്രവർത്തകർ ഏറ്റുമുട്ടുന്നത് തുടരുകയാണ്. സ്വന്തം താൽപര്യങ്ങൾക്കുവേണ്ടി സംഘടനയെ ഒറ്റിക്കൊടുത്ത യൂദാസുമാരാണ് ജനവിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്നത് എന്നാണ് പ്രധാന വിമർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

