ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ഏട് മാടക്കാൽ തുരുത്തിൽനിന്ന് കണ്ടെത്തി
text_fields1961-ൽ തൃക്കരിപ്പൂർ പഞ്ചായത്ത് ബോർഡ് നൽകിയ കെട്ടിട നികുതി രശീതി
തൃക്കരിപ്പൂർ: കെട്ടിട നികുതി വെറും 37 നയാ പൈസ! ജല നികുതിയും ഗ്രന്ഥശാല വരിയും എല്ലാം ചേർത്തിട്ടും. മാടക്കാൽ തുരുത്തിലെ കുറിപ്പില്ലത്ത് അലീമയുടെ കുടുംബത്തിന് 1961ൽ നൽകിയ ആറര പതിറ്റാണ്ട് പഴക്കമുള്ള ആ നികുതി രശീതി ഇപ്പോൾ ചരിത്രരേഖയായി ശ്രദ്ധനേടുകയാണ്. മൂന്ന് തലമുറ മാറിയിട്ടും മഞ്ഞച്ച് ബാക്കിയായ ഒരു കടലാസ് തുണ്ട്, കാലത്തെ പിടിച്ചുനിർത്തിയ കഥയാണ് രശീതി പറയുന്നത്. വൾവക്കാട് നാലുപുരപ്പാട് തറവാട് ചരിത്രരചനക്കായി പഴയ രേഖകൾ തിരഞ്ഞുനോക്കുന്നതിനിടെയാണ് കാലം ഉറങ്ങുന്ന ഈ അപൂർവ രേഖ കണ്ടെത്തിയത്. ഇന്നത്തെ പോലെ ഡിജിറ്റൽ രേഖകളോ ഓൺലൈൻ നികുതി സംവിധാനങ്ങളോ ഇല്ലാതിരുന്ന കാലത്ത്, തൃക്കരിപ്പൂർ പഞ്ചായത്തിന്റെ ഔദ്യോഗിക മുദ്ര പതിച്ച ഈ രശീതി ഗ്രാമഭരണത്തിന്റെ പഴയ മുഖം ഓർമിപ്പിക്കുകയാണ്.
അന്നത്തെ കാലത്ത് മാടക്കാൽ പ്രദേശം തൃക്കരിപ്പൂർ പഞ്ചായത്തിന്റെ ഭാഗമായിരുന്നു. ബണ്ട് വരുന്നതിനു മുമ്പ് കടത്തുതോണിയിലാണ് ആളുകൾ തൃക്കരിപ്പൂരിലും മറ്റും എത്തിയിരുന്നത്. അലീമയുടെ പഴയ വീട് നിലനിന്ന സ്ഥലത്ത് ഇപ്പോൾ സഹോദരിയുടെ മകൾ റെയ്ഹാനത്ത് താമസിക്കുന്നു. 1961ൽ അർധവാർഷിക കെട്ടിട നികുതിയായി ഈടാക്കിയ 37 നയാ പൈസയുടെ രശീതി ഗ്രാമ ചരിത്രത്തിലേക്ക് വെളിച്ചം പകരുന്നതാണ്.
പഞ്ചായത്ത് ബോർഡ് സംവിധാനം നിലനിന്നിരുന്ന കാലത്ത് എക്സിക്യൂട്ടിവ് ഓഫിസറായിരുന്നു പരമാധികാരി. അന്നത്തെ ബോർഡ് പ്രസിഡന്റ് ടി.വി. ചവിണിയന്റെ ഔദ്യോഗിക സീലും വ്യക്തമായി കാണാം. നികുതി അടക്കാത്തവർക്ക് മുന്നറിയിപ്പുകൾക്ക് പിന്നാലെ വാറന്റുകൾ അയച്ചിരുന്ന കാലമായിരുന്നു അത്. ‘വി.പി. ഫോറം’ എന്ന പേരിലായിരുന്നു നികുതി നോട്ടീസുകൾ അറിയപ്പെട്ടിരുന്നത്. പഞ്ചായത്തീരാജ് നിയമങ്ങൾ നിലവിൽവരുന്നതിന് മുമ്പ് പഞ്ചായത്തുകളുടെ പ്രധാന വരുമാനമാർഗം നികുതികളായിരുന്നു എന്നതും ഈ രേഖ ഓർമപ്പെടുത്തുന്നു.
ആദ്യകാലത്ത് കെട്ടിടത്തിന് ലഭിക്കാവുന്ന വാടക അടിസ്ഥാനമാക്കിയാണ് നികുതി നിശ്ചയിച്ചിരുന്നത്. പിന്നീട് കെട്ടിടം സ്ഥിതിചെയ്യുന്ന പ്രദേശവും പരിഗണനയിൽ ഉൾപ്പെടുത്തി. 1994ലെ പഞ്ചായത്തിരാജ്-മുനിസിപ്പാലിറ്റി നിയമഭേദഗതിയോടെയാണ് നികുതി ഘടനയിൽ വൻ മാറ്റമുണ്ടായത്. 2011 മുതൽ കെട്ടിടത്തിന്റെ വിസ്തീർണത്തെ അടിസ്ഥാനമാക്കി നികുതി പുനർനിർണയം നടപ്പാക്കി. പിന്നീട് കെട്ടിടത്തിന്റെ ഉപയോഗവും തരവും കൂടി മാനദണ്ഡങ്ങളായി.37 നയാ പൈസയിൽ നിന്ന് ഇന്നത്തെ നികുതി നിരക്കുകളിലേക്ക് എത്തിയപ്പോൾ അതിഭീമമായ വർധനയുണ്ടായെന്നാണ് വിലയിരുത്തൽ. ഏറ്റവും പുതിയ പരിഷ്കരണ പ്രകാരം വർഷംതോറും അഞ്ച് ശതമാനം വീതം നികുതി വർധനയുമുണ്ട്. കാലം മാറിയെങ്കിലും, 37 നയാ പൈസയിൽ നിന്ന് ഇന്നത്തെ നികുതി ഘടനയിലേക്കുള്ള ദൂരം കേരളത്തിന്റെ ഭരണചരിത്രം കൂടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

