You are here

ജീവിതം അവസാനിച്ചെന്ന് കരുതിയ രാവുകൾ...; ഷബീറലി കോവിഡ് ജീവിതം പറയുന്നു

വളൻറിയർ ബാഡ്ജുമായി ഷബീറലി

തൃക്കരിപ്പൂർ: ‘ദേഹം അടിമുടി വിറപ്പിക്കുന്ന പനി. ഇന്നുവരെ അനുഭവിക്കാത്ത തലവേദനയിൽ ശിരസ് പിളരുന്നതുപോലെ. ചുമക്കുമ്പോൾ ശരീരം വിറകൊള്ളുന്നു. ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിച്ചില്ല. അക്ഷരാർഥത്തിൽ ഏകാന്തവാസത്തിലായിരുന്നു’. വൈറസ് ശരീരത്തെയും മനസ്സിനെയും ഞെരുക്കിയ പലരാവുകളിലും ജീവിതം അവസാനിക്കുമെന്ന് കരുതിയിരുന്നതായി ദേരയിലെ യുവസംരംഭകൻ കാസർകോട് പടന്ന സ്വദേശി ഷബീറലി ഓർക്കുന്നു. ദുബൈ മംസാറിലുള്ള സുഹൃത്തി​​​െൻറ വില്ലയിൽ നിന്ന്​ ‘മാധ്യമത്തോട്​’ മറക്കാനാവാത്ത അനുഭവങ്ങൾ അദ്ദേഹം പങ്കുവെച്ചു.
 


വുഹാനിൽ കോവിഡ്​ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ അതി​​​െൻറ അനുരണനങ്ങൾ മിഡിൽ ഈസ്​റ്റിലെ ഏറ്റവും വലിയ ഹോൾസെയിൽ മാർക്കറ്റായ  ദേര അൽറാസ്‌ മേഖലയിലും കണ്ടുതുടങ്ങിയിരുന്നു. ഫെബ്രുവരി അവസാനം കോവിഡ്​ അതി​​​െൻറ മുഴുവൻ പ്രഭവശേഷിയും പുറത്തെടുത്തു. വൈകാതെ സമ്പൂർണ ലോക്ഡൗൺ. പത്തുമുതൽ 20 വരെ ആളുകൾ തിങ്ങിപ്പാർക്കുന്ന മുറികൾ. ഭൂരിഭാഗവും കാസർകോട് ജില്ലയിൽ നിന്നുള്ളവർ. നാട്ടിൽ പോയവരിലും പോസിറ്റിവ് കേസുകൾ ഇവിടെ നിന്ന് തിരിച്ചവരിലായിരുന്നു.
ലോക്ഡൗണിൽ ജോലിയും കൂലിയുമില്ലാതെ അകപ്പെട്ടവരെ സഹായിക്കാൻ  പടന്ന ഖിദ്മത്ത് ദുബൈ പ്രവർത്തകരായ സി.എച്ച്. ഷംസീർ, പി.സി. റസാഖ്, പി.വി. റാഷിദ്, ടി.കെ. ഷഫീഖ് തുടങ്ങിയവരുടെ നേതൃത്വത്തിൽ  വളൻറിയർ ഹെൽപ് വിങ് ആരംഭിച്ചിരുന്നു. ദേരയിൽ താമസിക്കുന്ന നാട്ടുകാരുടെ വിവരങ്ങൾ ഏതാനും മണിക്കൂർ കൊണ്ട്‌ ശേഖരിച്ചു.

അവർക്ക്‌ ആവശ്യമായ  ആഹാരവും മരുന്നും  എത്തിച്ചുനൽകി. കോവിഡ്​ പോസിറ്റിവായവരെയൊക്കെ ആശുപത്രിയിൽ എത്തിച്ചു. പരിഭ്രാന്തരായവർക്ക്‌ കൗൺസലിങ്​ ഏർപ്പാടാക്കി. ഇതിനിടയിൽ അടുത്ത‌റിയുന്ന കൂട്ടുകാരും നാട്ടുകാരും ഒന്നൊന്നായി കോവിഡ് പോസിറ്റിവായി ഐസൊലേഷനിലേക്ക്‌ മാറുന്നുണ്ടായിരുന്നു. വൈകാതെ രോഗലക്ഷണങ്ങൾ എന്നെയും പിടികൂടി. ദേരയുടെ ഭീതിജനകമായ അവസ്ഥ മുൻകൂട്ടിക്കണ്ട്‌ അന്നുരാത്രിതന്നെ  മംസാറിലേക്ക്  പലായനം ചെയ്തു. പനിപിടിച്ച്‌ വിറക്കുന്ന ശരീരവുമായി ‌ ആറുദിവസം റൂമിൽ മൂടിപ്പുതച്ച്‌ കിടന്നു. സുഹൃത്ത് എസ്.വി. അബ്​ദുല്ലയാണ് മരുന്നുകൾ എത്തിച്ചുനൽകിയത്. കോവിഡ്  യാഥാർഥ്യം തിരിച്ചറിയുന്നത് അപ്പോഴാണ്. അങ്ങനെയൊരു പാതിരാവിൽ  തീർത്തും വിജനമായ റോഡിലൂടെ 15 കിലോമീറ്റർ അകലെയുള്ള  ആശുപത്രിയിലേക്ക് കാറോടിച്ച് ചെന്നു. ഒരുവണ്ടി  മുന്നിലോ പിറകിലോ ഇല്ലാത്ത യാത്ര!

ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാൻ സ്ഥലമില്ല, ഡോക്ടർ നിസ്സഹായതയോടെ കൈമലർത്തി. മരുന്നുകളുമായി വീണ്ടും മുറിയിലേക്ക്.  അപ്പോൾ തന്നെ, ദുബൈ ‌ ആംബുലൻസിൽ കോഒാഡിനേറ്റർ ആയി ജോലി ചെയ്യുന്ന സുഹൃത്ത്‌ ഷഫീഖിനെ വിളിച്ചു. പിറ്റേന്ന് രാവിലെ ഷഫീഖ് വിളിച്ചിട്ടാണ് അറിയുന്നത്. ആംബുലൻസിൽ തന്നെ ആശുപത്രിയിലേക്ക്. 14 ദിവസം ഐസൊലേഷനിൽ. എട്ടുരാത്രികൾ ചുമച്ച്‌ ശബ്​ദമില്ലാതെ ‌കഴിഞ്ഞുപോയി.  ജീവിതത്തിനും മരണത്തിനുമിടയിൽ കഴിഞ്ഞ ദിനങ്ങളിൽ കവചിത വേഷങ്ങളിൽ നഴ്‌സുമാർ വന്നും പോയുമിരുന്നു.  പടന്ന ഖിദ്മതുൽ ഇസ്‌ലാം  സംഘം, ജമാഅത്തെ ഇസ്‌ലാമി നിയന്ത്രണത്തിലുള്ള റാഹത്ത്, പടന്ന ഇസ്‌ലാഹി സംഘം തുടങ്ങിയ കൂട്ടായ്മകൾ ചെയ്യുന്ന സേവനം വിലമതിക്കാനാകില്ലെന്ന് ഷബീറലി  പറയുന്നു.

Loading...
COMMENTS