അവർ പലായനത്തിലാണ്; നാടുപിടിക്കാൻ
text_fieldsലിവീവിൽ ട്രെയിനിറങ്ങിയ ഇന്ത്യൻ വിദ്യാർഥികൾ റെയിൽവേ സ്റ്റേഷനിൽനിന്ന് പുറത്തേക്ക്
പടന്ന: കിഴക്കൻ യുക്രെയ്നിലെ ഖാർകിവിൽനിന്ന് കൂടുതൽ വിദ്യാർഥികൾ നാട്ടിലേക്ക് തിരിച്ചു. രണ്ടും കൽപിച്ചാണ് റെയിൽവേ സ്റ്റേഷനിലേക്ക് പുറപ്പെടുന്നത്. 300 ഓളം വിദ്യാർഥികൾ ഇപ്പോൾ ഖാർകിവ് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തിരിപ്പാണെന്നാണ് നാട്ടിൽ ലഭിക്കുന്ന വിവരം. പെൺകുട്ടികൾ ചെറിയ വാഹനങ്ങളിലും ആൺകുട്ടികൾ മെട്രോ പാതയുടെ തുരങ്കങ്ങളിലൂടെ മൂന്ന് മണിക്കൂറോളം നടന്നുമാണ് പ്രധാന സ്റ്റേഷനിൽ എത്തുന്നത്.
ചൊവ്വാഴ്ച രാത്രി തന്നെ വിദ്യാർഥികളോട് തയാറായി നിൽക്കാൻ പറഞ്ഞിരുന്നു. ബുധനാഴ്ച പുലർച്ച മുതൽ പല സംഘങ്ങളായി കുട്ടികളെ സ്റ്റേഷനിൽ എത്തിക്കാൻ തുടങ്ങി. ഇതിനിടെ അപായ മുന്നറിയിപ്പ് ഉയരുമ്പോഴെല്ലാം തിരിച്ച് ബങ്കറിലേക്ക് മാറിയും സാഹചര്യം അനുകൂലമായെന്ന് തോന്നിയാൽ വാഹനങ്ങളിൽ പുറപ്പെട്ടുമാണ് ഇവർ സ്റ്റേഷനിൽ എത്തിയത്.
ട്രെയിനിൽ തദ്ദേശീയർക്കാണ് മുൻഗണന. പിന്നെയാണ് ഇന്ത്യയിൽ നിന്നടക്കമുള്ള വിദ്യാർഥികളെ കയറ്റുന്നത്. അതിനിടെ ചൊവ്വാഴ്ച പുറപ്പെട്ട മലയാളികൾ അടക്കമുള്ള ഇന്ത്യൻ വിദ്യാർഥികൾ അതിർത്തി നഗരമായ ലിവീവിൽ എത്തിച്ചേർന്നു. അവിടെനിന്ന് ബസ് മാർഗം ഹംഗറിയിലേക്ക് തിരിക്കും.
മിഥുനെത്തി; ആവിക്കരക്ക് ആശ്വാസദിനം
കാഞ്ഞങ്ങാട്: പ്രാർഥനയും കണ്ണീരും നിറഞ്ഞ വീട്ടിൽ ആശ്വാസവും ആഹ്ലാദവും. യുക്രെയ്നിലെ ഖാർകിവിൽ കുടുങ്ങിയ കാഞ്ഞങ്ങാട് ആവിക്കരയിലെ മിഥുൻ മധുവാണ് ബുധനാഴ്ച പുലർച്ച മൂന്നോടെ വീട്ടിലെത്തിയത്. മിഥുനെയും കാത്ത് ആവിക്കര നാടൊന്നാകെ ഉറക്കമൊഴിച്ച് കാത്തുനിൽക്കുകയായിരുന്നു. മകനെ അമ്മ നെഞ്ചോടുചേർത്തുപിടിച്ചത് അച്ഛൻ പ്രവാസലോകത്ത് വിഡിയോ കാളിലൂടെ കണ്ടു .
കണ്ണൂർ വിമാനത്താവളത്തിലിറങ്ങി അവിടെനിന്ന് സംസ്ഥാന സർക്കാർ ഒരുക്കിയ വാഹനത്തിലാണ് വീട്ടിലെത്തിയത്. മലപ്പുറം, കോഴിക്കോട്, കാസർകോട്, വയനാട് ജില്ലകളിലെയും മാഹിയിലെയും വിദ്യാർഥികൾക്കൊപ്പമാണ് ഇവർ എത്തിയത്. മിഥുനും കൂട്ടുകാരും താമസിക്കുന്നതിന്റെ തൊട്ടടുത്തുള്ള ഒന്നിലേറെ ഇടങ്ങളിൽ റഷ്യൻ സേന ബോംബ് വർഷിച്ചിരുന്നു. സ്ഫോടനശബ്ദം കേട്ടതും കറുത്തപുക ആകാശത്തുയർന്ന കാഴ്ചയും പറയുമ്പോൾ നെഞ്ചിടിപ്പു മാറുന്നില്ല ഈ വിദ്യാർഥികൾക്ക്. അവിടെ ഇവാനോ ഫ്രാങ്ക് ഐ.വി.എസ്.കെ നാഷനൽ ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥിയാണ് മിഥുൻ. മൂന്നുമാസം മുമ്പാണ് പോയത്. ബോംബ് സ്ഫോടനം നടന്നപ്പോൾ ഇവരെ രണ്ടുവട്ടം ഭൂഗർഭ അറയിലേക്കു മാറ്റി. യുദ്ധം തുടങ്ങിയ ശേഷം രാത്രികാലങ്ങളിൽ വെളിച്ചം തെളിക്കാൻ പാടില്ല.
ഭക്ഷണം പാകം ചെയ്യാൻ രാത്രി കഴിഞ്ഞില്ല. എല്ലാവരും വാനിൽ അതിർത്തിയിലേക്കുവന്നു. തുടർന്ന് ട്രെയിനിൽ ഹംഗറിയിലെത്തി. അവിടെ ഒരുദിവസം താമസിക്കേണ്ടിവന്നു. ആവിക്കരയിലെ പ്രവാസി പി.വി. മധുസൂദനന്റെയും അധ്യാപിക ലേഖ മധുവിന്റെയും മകനാണ് മിഥുൻ.