കുടിവെള്ളമില്ല; പ്രദേശവാസികൾ ജലസംഭരണ കേന്ദ്രം ഉപരോധിച്ചു
text_fieldsവെള്ളം കിട്ടാത്ത കാന്തിലോട്ട് കൂവക്കൈ നിവാസികൾ കുടിവെള്ള സംഭരണ കേന്ദ്രം ഉപരോധിക്കുന്നു
പടന്ന: ഒരുമാസമായി വെള്ളം കിട്ടാത്ത പ്രദേശവാസികൾ ഒടുവിൽ കുടിവെള്ള സംഭരണ കേന്ദ്രം ഉപരോധിച്ചു. പടന്ന കൈപ്പാട്, കൂവക്കൈ, കാന്തിലോട്ട്, വണ്ണത്താൻവളപ്പ് തുടങ്ങിയ സ്ഥലത്തെ കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിലാണ് പ്രദേശവാസികൾ പുലർച്ച നാലിന് ജലസംഭരണ കേന്ദ്രത്തിലെത്തി ഉപരോധം തീർത്തത്.
വർഷങ്ങളായി ഈ ഭാഗത്തുള്ളവർ കുടിവെള്ള പ്രശ്നം അഭിമുഖീകരിക്കാൻ തുടങ്ങിയിട്ട്. സാധാരണ മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലാണ് വെള്ളം കിട്ടാതാവുന്നതെങ്കിൽ ഇപ്രാവശ്യം ജനുവരി മുതൽതന്നെ വെള്ളം ലഭിക്കാതായെന്ന് പ്രദേശവാസികൾ പറയുന്നു. പടന്ന എം.ആർ. ഹൈസ്കൂളിന് സമീപത്തെ ജലനിധി പദ്ധതിയിൽ ഉൾപ്പെട്ട പ്രദേശത്തെ ഗുണഭോക്താക്കളിൽ ചിലർക്ക് കുറഞ്ഞ തോതിലെങ്കിലും വെള്ളം ലഭിക്കുന്നുണ്ടെങ്കിൽ കൂവക്കൈ പ്രദേശത്തെ ഒമ്പത് കുടുംബങ്ങൾക്ക് തീരെ വെള്ളം ലഭിക്കുന്നില്ല.
ഈ പ്രദേശത്തേക്കുവരുന്ന പൈപ്പിൽനിന്ന് കുടിവെള്ളം ചോർത്തി സംഭരിച്ച് മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നെന്നും പരാതിക്കാർ ആരോപിക്കുന്നു. ഉപരോധത്തെത്തുടർന്ന് സ്ഥലത്തെത്തിയ പഞ്ചായത്ത് പ്രസിഡൻറ് പി.വി. മുഹമ്മദ് അസ്ലം സമരക്കാരുമായി ചർച്ച നടത്തി. മൂന്നുദിവസത്തിനകം പ്രശ്നം പരിഹരിക്കുമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. എ. വത്സല, പി. സുനിൽ, ഇ. രജനി, പി. രുക്മിണി, പി. ലക്ഷ്മി, പി. ഉഷ, ഇ. രജിത, എം. സുഭാഷ്, എം. സുനിൽ, കെ. തങ്കമണി തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.