പടന്ന: തദ്ദേശ തെരെഞ്ഞടുപ്പിൽ പടന്നയിലെ സ്ഥാനാർഥികൾക്ക് എതിരാളികളായി കോവിഡും. കോവിഡ് പ്രതിരോധത്തിൽ പഞ്ചായത്ത് കൈവരിച്ച നേട്ടങ്ങൾ നിലനിർത്താൻ സീറോകോവിഡ് സ്ഥാനാർഥി ചാലഞ്ചുമായാണ് വോട്ടർമാരെ കാണുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പഞ്ചായത്തിലെ മുഴുവൻ സ്ഥാനാർഥികളും പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനും തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനിക്കുമ്പോൾ ഉണ്ടാകാവുന്ന കോവിഡ് വ്യാപനം മുൻകൂട്ടി കണ്ടു നിയന്ത്രിക്കുവാനും പടന്ന കുടുംബാരോഗ്യ കേന്ദ്രവും 'മാഷ്' പദ്ധതിയും ചേർന്ന് രൂപവത്കരിച്ച സീറോ കോവിഡ് സ്ഥാനാർഥി ചലഞ്ചിന് രാഷ്ട്രീയ പാർട്ടി പ്രവർത്തകരിൽ നിന്നും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.
പഞ്ചായത്ത്തലത്തിൽ പദ്ധതി പ്രഖ്യാപിച്ച ഉടൻ ഒമ്പതാം വാർഡ് സ്ഥാനാർഥി പി.പി. കുഞ്ഞികൃഷ്ണൻ ആണ് ആദ്യ ചലഞ്ച് ഏറ്റെടുത്തത്. തുടർന്ന് എല്ലാ സ്ഥാനാർഥികളും പങ്കാളികളായി. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ എല്ലാവരും മാനദണ്ഡങ്ങൾ പാലിക്കുന്നത് ജില്ലക്കുതന്നെ മാതൃകയാണെന്ന് മാഷ് പദ്ധതി പ്രവർത്തകർ പറയുന്നു. പദ്ധതിക്ക് നല്ല സ്വീകാര്യതയാണ് ലഭിക്കുന്നത് എന്ന് ഹെൽത്ത് ഇൻസ്പെക്ടർ പ്രകാശൻ ചന്തേര, 'മാഷ്' പദ്ധതി അംഗം ബാബുരാജ് എന്നിവർ പറഞ്ഞു.