പടന്ന: മുസ്ലിം സ്ത്രീകൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറ മുൻനിരയിലേക്ക് കടന്നുവരാൻ തുടങ്ങിയത് ഈയടുത്ത കാലത്തെന്നാണ് വെപ്പ്. തദ്ദേശ സ്ഥാപനങ്ങളിൽ അമ്പതു ശതമാനം വനിത സംവരണം നിർബന്ധമാക്കിയപ്പോഴാണ് മുസ്ലിം ലീഗ് ഉൾപ്പെടെ രാഷ്ട്രീയ പാർട്ടികളെല്ലാം നാരിമാരെ തേടി നെട്ടോട്ടമോടാൻ തുടങ്ങിയത്.
എന്നാൽ, ചരിത്ര കുതുകികളിൽ കൗതുകം ജനിപ്പിക്കുന്നൊരു വസ്തുതയാണ്, 1967ലെ തെരഞ്ഞെടുപ്പിൽ മലപ്പുറത്തെ പാണക്കാട് തറവാട്ടിലെ ബീവിമാർ നടത്തിയ പരസ്യപ്രചാരണം. ഇത് സാക്ഷ്യപ്പെടുത്തുന്ന ചരിത്രരേഖ മാധ്യമ പ്രവർത്തകനായ ജലീൽ പടന്നയുടെ കൈവശമുണ്ട്. അന്ന് മഞ്ചേരി ലോക്സഭാ മണ്ഡലത്തിൽ മുസ്ലിം ലീഗിനു വേണ്ടി മത്സരിച്ച മുഹമ്മദ് ഇസ്മായിൽ സാഹിബിെൻറ എതിർ സ്ഥാനാർഥിയായിരുന്ന കോൺഗ്രസിലെ നഫീസത്ത് ബീവിക്കു വേണ്ടിയാണ് പാണക്കാട് സയ്യിദ് കുടുംബത്തിലെ ബീവിമാർ പ്രചാരണത്തിനിറങ്ങിയത്.
അറബി മലയാളത്തിൽ തയാറാക്കിയ അഭ്യർഥനയിൽ ബീവിമാരുടെ പേരുകൾ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. അക്കാലത്ത് മുസ്ലിം സമുദായത്തിൽ പ്രചാരത്തിലുണ്ടായിരുന്ന പ്രധാന എഴുത്ത് ലിപിയായിരുന്നു അറബി മലയാളം. അറബി അക്ഷരം ഉപയോഗിച്ച് മലയാള ഭാഷയിൽ എഴുതുന്ന രീതിയാണിത്.
മുസ്ലിം ലീഗ് കമ്യൂണിസ്റ്റ് പാർട്ടിയോടൊപ്പം സഖ്യംചേർന്ന് മത്സരിച്ച ആ തെരഞ്ഞെടുപ്പിൽ കോൺഗ്രസായിരുന്നു മുഖ്യ എതിർ കക്ഷി. ഇന്ന് മലപ്പുറമായി മാറിയ അന്നത്തെ മഞ്ചേരി മണ്ഡലത്തിൽ കാള ചിഹ്നത്തിൽ മത്സരിച്ച നഫീസത്ത് ബീവിക്കു വേണ്ടി മുസ്ലിം സ്ത്രീകളെ അഭിസംബോധനചെയ്താണ് ബീവിമാരുടെ വോട്ടഭ്യർഥന തുടങ്ങുന്നത്.
തുടർന്ന് നഫീസത്ത് ബീവിയുടെ വിദ്യാഭ്യാസ യോഗ്യതയും പൊതുപ്രവർത്തന രംഗത്തെ മികവും എടുത്തുദ്ധരിക്കുന്നുണ്ട്. കേരള അസംബ്ലിയിൽ സ്ത്രീകളുടെ പ്രശ്നങ്ങൾ അവതരിപ്പിച്ച് വിജയിച്ച് നമുക്കൊക്കെ അഭിമാനമായ നഫീസത് ബീവിയെ വോട്ട് ചെയ്തും മറ്റെല്ലാ വിധത്തിലും സഹായിക്കണമെന്ന് ലഘുലേഖയിൽ അഭ്യർത്ഥിക്കുന്നു.
കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ലീഗ് സഖ്യമുണ്ടാക്കിയത് അന്നത്തെ മുസ്ലിം സമുദായത്തിലെ പരമ്പരാഗത വിശ്വാസികൾക്ക് ഉൾക്കൊള്ളാൻ പറ്റാത്ത കാര്യമായിരുന്നു. അത്കൊണ്ടാകണം 'നിരീശ്വരവാദികളായ' കമ്യൂണിസ്റ്റുകളിൽനിന്നു രക്ഷതേടുന്ന വിധത്തിലുള്ള പ്രാർഥനയോടെയാണ് ലഘുലേഖ അവസാനിക്കുന്നത്.
പൊന്നാനി വലിയ ജാറത്തിങ്ങൽ കോയമ്മ ബീവി, പാണക്കാട് പഴയ പുരക്കൽ മുത്ത് ബീവി, പാണക്കാട് പഴയ പുരക്കൽ ബീ കുഞ്ഞ് ബീവി, പാണക്കാട് പഴയ പുരക്കൽ കുഞ്ഞ് ബീവി, പൊന്നാനി വലിയ ജാറത്തിങ്ങൽ ഉമ്മുസൽമ ബീവി, പൊന്നാനി മഖ്ദൂം പഴയകത്ത് മുത്ത് ബീവി, പാണക്കാട് പഴയ മാളിയക്കൽ കോയമ്മ ബീവി, വെളിയങ്കോട് മുത്തുക്കോയ തങ്ങൾ മകൾ ബി.എം റുഖിയ്യ എന്ന കുഞ്ഞിബീവി എന്നിവരുടെ പേരു വെച്ചാണ് ലഘുലേഖ തയാറാക്കിയത്. തെരഞ്ഞെടുപ്പിൽ ഒരു ലക്ഷത്തിധികം വോട്ടുകൾക്ക് ഇസ്മാഈൽ സാഹിബ് ജയിച്ചു എന്നത് മറ്റൊരു കാര്യം.