നീലേശ്വരം: കനത്തമഴയെ തുടർന്ന് പെടോതുരുത്തിയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിനിടയിലും ആശുപത്രിയിൽ പൊതിച്ചോർ എത്തിച്ചുനൽകി ഡി.വൈ.എഫ്.ഐ പ്രവർത്തകർ മാതൃകയായി. വെള്ളം കയറി നാടിനെ മുക്കിയപ്പോൾ പൊതിച്ചോർ കെട്ടുകളുമായി വെള്ളം നീന്തിക്കടന്ന് നീലേശ്വരം താലൂക്ക് ആശുപത്രിയിൽ ഭക്ഷണമെത്തിച്ച് നൽകി.
കഴിഞ്ഞ മൂന്ന് വർഷമായി മുടങ്ങാതെ നീലേശ്വരം താലൂക്കാശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിലാണ് പൊതിച്ചോർ നൽകുന്നത്. തിങ്കളാഴ്ച പൊതിച്ചോർ വിതരണത്തിെൻറ ചുമതല ഡി.വൈ.എഫ്.ഐ പൊടോതുരുത്തി ഫസ്റ്റ്, സെക്കൻഡ് യൂനിറ്റുകൾക്കായിരുന്നു.
ഒരുകൂട്ടം യുവാക്കളുടെയും വീട്ടുകാരുടെയും ആത്മാർഥമായ ഇടപെടലിലൂടെ കൃത്യസമയത്ത് ആശുപത്രിയിൽ ഭക്ഷണമെത്തിക്കാനായത് രോഗികൾക്കും ആശ്വാസമായി. സഞ്ജയ്, അജീഷ്, മനോജ്, ജസ്നപ്രിയ എന്നിവർ നേതൃത്വം നൽകി.