യുവതിയുടെ തൂങ്ങിമരണം: ഭർത്താവ് അറസ്റ്റിൽ
text_fieldsജയപ്രകാശ്
നീലേശ്വരം: ചിറപ്പുറം ആലിന്‍കീഴിലെ ഗോപി സദനത്തില്‍ പരേതനായ എറുവാട്ട് ഗോപിനാഥന് നായരുടെ മകള്‍ ഷീജയുടെ(33) ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് മടിക്കൈ എരിക്കുളം നാരയിലെ പ്രവാസി കെ. ജയപ്രകാശിനെ (42) നീലേശ്വരം എസ്.ഐ ടി. വിശാഖും സംഘവും അറസ്റ്റുചെയ്തു.
തിങ്കളാഴ്ച പുലര്‍ച്ചെ ബന്ധുവീട്ടില്‍ വെച്ചാണ് ജയപ്രകാശിനെ അറസ്റ്റുചെയ്തത്. ഷീജ മരണപ്പെട്ടതിന്റെ പിറ്റേദിവസം മുതല്‍ ജയപ്രകാശ് ഒളിവില്‍പോയിരുന്നു. തുടര്‍ന്ന് നീലേശ്വരം എസ്.ഐ വിശാഖും സംഘവും നടത്തിയ അന്വേഷണത്തിലൂടെ കണ്ടെത്തുകയായിരുന്നു.
ജൂൺ 19ന് രാവിലെയാണ് ഷീജയെ മടിക്കൈ നാരയിലെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കാണപ്പെട്ടത്. മരണത്തില്‍ കുടുംബം സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കൊളജ് ആശുപത്രിയിൽ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടം നടത്തി.
പോസ്റ്റുമോര്‍ട്ടത്തില്‍ മരണം ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഷീജയുടെ വീട്ടുകാരുടെ മൊഴിയും അവര്‍ നല്കിയ തെളിവുകളും അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് ഷീജയെ ഭര്‍ത്താവ് പീഡിപ്പിച്ചിരുന്നതായി കണ്ടെത്തിയത്.
ഇതിന്റെ അടിസ്ഥാനത്തില്‍ ജയപ്രകാശനെതിരെ പീഡനക്കുറ്റം ചുമത്തിയിരുന്നു. മകളുടെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അമ്മ നളിനി കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. പി. ബാലകൃഷ്ണന് നായര്‍ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് അന്വേഷണം നടത്താന്‍ ഡിവൈ.എസ്.പി നീലേശ്വരം പൊലീസിന് നിര്‍ദ്ദേശം നല്‍കിയത്. ബങ്കളത്ത് ഏഴ് വര്‍ഷമായി നിര്‍മിച്ചുകൊണ്ടിരിക്കുന്ന വീടിന്റെ ഗൃഹപ്രവേശന ചടങ്ങ് ജൂണ്‍ 29ന് നടത്താനിരിക്കെയാണ് ഷീജ മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

