നീലേശ്വരം താലൂക്ക് യാഥാർഥ്യമാകുമോ?
text_fieldsനീലേശ്വരം: പതിറ്റാണ്ടുകളായുള്ള നീലേശ്വരത്തിന്റെ താലൂക്ക് സ്വപ്നം യാഥാർഥ്യമാക്കാൻ ജനുവരി 20ന് ചേരുന്ന നഗരസഭ കൗൺസിൽ യോഗത്തിൽ പ്രത്യേക പ്രമേയം അവതരിപ്പിക്കുന്നു. നഗരസഭ ചെയർപേഴ്സൻ പി.പി. മുഹമ്മദ് റാഫിയുടെ അധ്യക്ഷതയിൽ ചേരുന്ന കൗൺസിലിൽ വൈസ് ചെയർപേഴ്സൻ പി.എം. സന്ധ്യയാണ് പ്രമേയമവതരിപ്പിക്കുന്നത്. വികസനകാര്യ സ്ഥിരം അധ്യക്ഷൻ ഇ.കെ. ചന്ദ്രൻ പ്രമേയത്തെ പിന്തുണക്കും. കൗൺസിലിൽ എല്ലാ രാഷ്ട്രീയപാർട്ടികളുടെയും പിന്തുണയോടെ പ്രമേയം ഐകകണ്ഠ്യേന പാസാക്കി സംസ്ഥാന സർക്കാറിന്റെ അടിയന്തര ശ്രദ്ധയിൽപെടുത്താനാണ് നഗരസഭയുടെ നീക്കം.
അവഗണിക്കപ്പെട്ടത് മൂന്നു കമീഷൻ ശിപാർശകൾ
സംസ്ഥാന രൂപവത്കരണത്തിന് പിന്നാലെ 1957ലെ ഒന്നാം ഇ.എം.എസ് സർക്കാറിന്റെ കാലം മുതൽക്കേ നീലേശ്വരം താലൂക്കിനായുള്ള ആവശ്യം ശക്തമാണ്. ഭരണസൗകര്യത്തിനായി സർക്കാർ നിയോഗിച്ച മൂന്നു കമീഷനുകളും നീലേശ്വരം താലൂക്കിനായി അനുകൂല റിപ്പോർട്ടാണ് നൽകിയത്.
ചന്ദ്രഭാനു കമീഷൻ, സി.എച്ച്. ദാമോദരൻ നമ്പ്യാർ കമീഷൻ, വെള്ളോടി കമീഷൻ എന്നിവർ നീലേശ്വരത്തിന്റെ അർഹത ശരിവെച്ചിരുന്നു. എന്നാൽ, ദശകങ്ങൾ പിന്നിട്ടിട്ടും രാഷ്ട്രീയ-ഭരണപരമായ കാരണങ്ങളാൽ ഈ ശിപാർശകൾ ഫയലിലുറങ്ങുകയാണ്.നിലവിൽ ഹോസ്ദുർഗ് താലൂക്കിനെയാണ് നീലേശ്വരത്തെയും പരിസരപ്രദേശങ്ങളിലെയും ജനം ആശ്രയിക്കുന്നത്.
കിലോമീറ്ററുകൾ താണ്ടി താലൂക്ക് ആസ്ഥാനത്തെത്തേണ്ടിവരുന്ന ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഗണിച്ച് പുതിയ താലൂക്ക് അനിവാര്യമാണെന്ന് കമീഷനുകൾ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. നീലേശ്വരം നഗരസഭയും സമീപത്തെ എട്ടു പഞ്ചായത്തുകളും ഉൾപ്പെടുത്തി പുതിയ താലൂക്ക് വേണമെന്നാണ് കാലങ്ങളായുള്ള ആവശ്യം.പുതിയ താലൂക്ക് നിലവിൽവരുന്നതോടെ റവന്യൂ സേവനങ്ങൾ ജനങ്ങൾക്ക് വേഗത്തിൽ ലഭ്യമാകും. നീലേശ്വരത്തിന്റെ പൈതൃക നഗരമെന്ന പദവിക്കൊപ്പം ഭരണപരമായ ഉന്നതിയും പ്രദേശത്തിന്റെ സമഗ്ര വികസനത്തിന് വലിയ കരുത്താകുമെന്ന് നഗരസഭ ചെയർമാൻ പി.പി. മുഹമ്മദ് റാഫി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

