പച്ചക്കറികൃഷി നശിപ്പിച്ച് കാട്ടുപന്നികൾ
text_fieldsബിരിക്കുളം വരഞ്ഞൂർ പ്രദേശങ്ങളിൽ കാട്ടുപന്നികൾ നശിപ്പിച്ച കപ്പക്കൃഷി
നീലേശ്വരം: കിനാനൂർ കരിന്തളം പഞ്ചായത്തിലെ ബിരിക്കുളം, വരഞ്ഞൂർ, കാളിയാനം തുടങ്ങിയ പ്രദേശങ്ങളിൽ കാട്ടുപന്നികൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നു. ബിരിക്കുളം വരഞ്ഞൂർ പച്ചക്കറി ക്ലസ്റ്റർ പരിധിയിൽ പച്ചക്കറികൃഷി പന്നികൾ നശിപ്പിക്കുന്നത് കർഷകരെ കണ്ണീരിലാഴ്ത്തുകയാണ്.
മഴക്കാല പച്ചക്കറികൾ, കപ്പ, മധുരക്കിഴങ്ങ്, ചേമ്പ് തുടങ്ങിയ കൃഷികൾ കാട്ടുപന്നികൾ രാത്രിയിൽ കൂട്ടമായെത്തി നശിപ്പിക്കുകയാണ്. തണ്ടോടെ പറിച്ചെടുത്ത് കായ്കൾ തിന്നശേഷം വലിച്ചെറിയുന്നു. ഇതുമൂലം പതിനായിരക്കണക്കിന് രൂപയാണ് കർഷകർക്ക് നഷ്ടം. കടം വാങ്ങിയും സ്വർണം പണയം വെച്ചും ബാങ്കിൽനിന്ന് വായ്പയെടുത്തുമാണ് കർഷകർ കൃഷി ചെയ്യുന്നത്. ഓണവിപണി ലക്ഷ്യമിട്ട കൃഷികൾ വിളവെടുക്കാനാകുമ്പോഴേക്കും പന്നികൾ നശിപ്പിച്ചുകഴിഞ്ഞു. പന്നിശല്യം പഞ്ചായത്തധികൃതരുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും കർഷകർക്ക് വേണ്ട സഹായങ്ങൾ നൽകാൻ തയാറായില്ല. കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുഉള ലൈസൻസ് കർഷകർക്കില്ലാത്തതിനാൽ നശിപ്പിക്കുന്നത് നോക്കിനിൽക്കാനേ സാധിക്കുന്നുള്ളൂ. വനംവകുപ്പ് അധികൃതരുടെ ഭാഗത്തുനിന്ന് കർശന നടപടി ഉണ്ടാകണമെന്ന് ബിരിക്കുളം വരഞ്ഞൂർ പച്ചക്കറി ക്ലസ്റ്റർ ഭാരവാഹികൾ ആവശ്യപ്പെട്ടു.

