മേൽപാലത്തിനടിയിലെ വാഹന പാർക്കിങ് ദുരിതം
text_fieldsനീലേശ്വരം മേൽപാലത്തിനടിയിൽ പാർക്ക് ചെയ്ത ഇരുചക്ര വാഹനങ്ങൾ
നീലേശ്വരം: റെയിൽവേ മേൽപാലത്തിനടിയിൽ സ്വകാര്യ വാഹനങ്ങളുടെ പാർക്കിങ് ദുരിതമാകുന്നു. രാജാ റോഡിൽനിന്ന് റെയിൽവേ സ്റ്റേഷനിലേക്കുള്ള ഏക റോഡിലാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. കൂടുതലും ഇരുചക്രവാഹനങ്ങളാണ് ഇവിടെ പാർക്ക് ചെയ്യുന്നത്.
ഇത് റെയിൽവേ സ്റ്റേഷനിലേക്ക് കാൽനടയായി പോകുന്നവർക്കും സമീപത്തെ കച്ചവടക്കാർക്കുമാണ് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നത്. കൂടാതെ മേൽപാലത്തിനടിയിലെ ഓട്ടോസ്റ്റാൻഡിലെ ഡ്രൈവർമാരും ഇതുമൂലം ദുരിതമനുഭവിക്കുകയാണ്. ട്രെയിനിൽ യാത്ര ചെയ്യുന്നവർ രാവിലെ വാഹനം പാർക്ക് ചെയ്ത് വൈകീട്ടാണ് വാഹനങ്ങൾ എടുക്കുന്നത്.
മുമ്പ് നീലേശ്വരം നഗരസഭ അധികൃതർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസെത്തി വാഹനങ്ങൾക്ക് പിഴ ചുമത്തിയെങ്കിലും വീണ്ടും പഴയപടി തന്നെ തുടരുകയാണ്. ദിവസവും അമ്പതോളം ഇരുചക്ര വാഹനങ്ങളും കാർ ഉൾപ്പെടെയുള്ള മറ്റു വാഹനങ്ങളും ഇവിടെ പാർക്ക് ചെയ്യുകയാണ്. നഗരസഭയുടെ ഭാഗത്തുനിന്ന് എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്നാണ് വ്യാപാരികളും ഓട്ടോ ഡ്രൈവർമാരും പറയുന്നത്.