റോഡും കുടിവെള്ളവുമില്ല; കോളനിവാസികൾ ദുരിതത്തിൽ
text_fieldsബളാൽ പഞ്ചായത്തിലെ
ടാറിങ് ചെയ്യാത്ത വലിയമറ്റം കോളനി റോഡ്
നീലേശ്വരം: റോഡിന്റെ ശോചനീയാവസ്ഥയും കുടിവെള്ള ക്ഷാമവും മൂലം വലയുകയാണ് ബളാൽ പഞ്ചായത്തിലെ വലിയമറ്റം കോളനിവാസികൾ. കോളനിയിലേക്കുള്ള റോഡിലൂടെയുള്ള യാത്ര ദുസഹമായതിനാൽ കാൽനട പോലും ബുദ്ധിമുട്ടാണ്. പൊളിഞ്ഞ റോഡിൽ കൂടി ഓട്ടോ വിളിച്ചാൽ പോലും വരാത്ത അവസ്ഥയാണ്.
ഓട്ടോ വന്നാൽ തന്നെ ഇരട്ടി വാടക കൊടുക്കേണ്ട സ്ഥിതിയാണ്. കിനാനൂർ കരിന്തളം പഞ്ചായത്തിന്റെയും ബളാൽ പഞ്ചായത്തിന്റെയും അതിർത്തിയിൽ കൂടിയാണ് റോഡ് കടന്നുപോകുന്നത്. മഴക്കാലം എത്താനും സ്കൂൾ തുറക്കാനും ഇനി ദിവസങ്ങൾ മാത്രമാണുള്ളത്.
റോഡിൽ ചളിവെള്ളം കെട്ടിക്കിടന്നാൽ സ്കൂളിൽ പോകുന്ന പിഞ്ചു കുട്ടികളാണ് ഏറെ ദുരിതം അനുഭവിക്കുക. റോഡിന്റെ ശോചനീയാവസ്ഥക്ക് പുറമെ വലിയമറ്റം കോളനി നിവാസികൾക്ക് കുടിവെള്ളവും കിട്ടാത്ത സ്ഥിതിയാണ്. കുടിവെള്ളത്തിനായി പഞ്ചായത്ത് നിർമിച്ച കുളം കാടുമൂടി കിടക്കുകയാണ്. സമീപത്ത് പൈപ്പും ടാങ്കും സ്ഥാപിച്ചുവെങ്കിലും മോട്ടോർ ഘടിപ്പിച്ച് കോളനിവാസികൾക്ക് കുടിവെള്ളം എത്തിക്കാൻ കഴിഞ്ഞിട്ടില്ല.