ജലനിധി പുരസ്കാരം ലഭിച്ച പഞ്ചായത്തിൽ കുടിവെള്ളമില്ല!
text_fieldsനീലേശ്വരം: സംസ്ഥാന സർക്കാറിെന്റ ജലനിധി അവാർഡ് ലഭിച്ച കിനാനൂർ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ കുടിവെള്ളം രൂക്ഷമായി. കോടികൾ മുടക്കി ആരംഭിച്ച ജലനിധി പദ്ധതികൾ നോക്കുകുത്തിയായി മാറി. ചോയ്യങ്കോട്, കരിന്തളം, കൊല്ലമ്പാറ, കൂവാറ്റി, ചായ്യോം നെല്ലിനടുക്കം, ബിരിക്കുളം, പരപ്പ തുടങ്ങി പഞ്ചായത്തിലെ 17 വാർഡുകളിലും കുടിവെള്ളത്തിനായി ആളുക്കൾ പരക്കം പായുകയാണ്. കിനാനൂർ -കരിന്തളം പഞ്ചായത്ത് മുൻ പ്രസിഡന്റ് എ. വിധു ബാലയുടെ ഭരണകാലത്താണ് നാടുനീളെ കുടിവെള്ള പദ്ധതിയൊരുക്കി സർക്കാറിെന്റ ജലനിധിനിധി അവാർഡ് നേടിയെടുത്തത്.
പിന്നീട് വീണ്ടുംവന്ന സി.പി.എം ഭരണ സമിതി കാര്യമായ ഇടപെടൽ നടത്താത്തതിനാൽ ജലനിധി പദ്ധതി പൂർണമായും നിലച്ചു. കുഴൽക്കിണർ താഴ്ത്തി കുടിവെള്ളക്ഷാമം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും അതും പാതിവഴിയിൽ ഉപേക്ഷിച്ച നിലയിലാണ്. രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി കിനാനൂർ- കരിന്തളം യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി രംഗത്ത് എത്തിയിട്ടുണ്ട്. കഴിഞ്ഞവർഷം മൂന്നര ലക്ഷം രൂപയാണ് കുടിവെള്ള വിതരണത്തിനായി കോൺഗ്രസിന് ചെലവായത് .
ഈ വർഷവും കുടിവെളള ലോറിയുമായി കോൺഗ്രസ് പ്രവർത്തകർ ഓരോ വീടുകളിലേക്കുമെത്തുന്നുണ്ട്. കിനാനൂർ- കരിന്തളം മണ്ഡലം കമ്മിറ്റി മൂന്നാം വർഷവും കുടിവെള്ള വിതരണം ആരംഭിച്ചത് നാട്ടുകാർക്ക് വലിയ ആശ്വാസമായി. പഞ്ചായത്തിലെ ഏത് ഭാഗത്തെ ആളുകൾ വിളിച്ചറിയിച്ചാലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ കുടിവെളളവുമായി എത്തും. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രീജിത്ത് പുതുക്കുന്ന്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഉമേശൻ വേളൂർ, സെക്രട്ടറി സിജോ പി. ജോസഫ്, ബൂത്ത് പ്രസിഡന്റുമാരായ കുഞ്ഞകൃഷ്ണൻ കാക്കാണത്ത്, ജോണി കൂനാനിക്കിൽ എന്നിവരാണ് കുടിവെള്ള വിതരണത്തിന് നേതൃത്വം നൽകുന്നത്.